അധികാരത്തിനായി പ്രകടിപ്പിച്ച പിടിവാശികളും ആവശ്യങ്ങളും പാടെ ഉപേക്ഷിച്ച് ശിവസേന മഹാരാഷ്ട്ര മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി നേതാക്കള്‍ സേന തലവന്‍ ഉദ്ധവ് താക്കറെയുമായി നടത്തിയ ഒരുമാസം നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് അവസാനമിട്ടാണ് സേന മന്ത്രിസഭയില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയില്‍ ഒരുമാസമായി തുടരുന്ന രാഷ്ട്രീയ അനശ്ചിതത്വത്തിന് വിരാമമാകുകയാണ്.
ഉപമുഖ്യമന്ത്രിസ്ഥാനവും ആഭ്യന്തര വകുപ്പും വേണമെന്ന കടുത്ത നിലപാട് മയപ്പെടുത്തിയാണ് സേന സര്‍ക്കാരില്‍ ചേരാന്‍ തീരുമാനിച്ചിരിക്കുന്നത്. ആറ് ക്യാബിനറ്റ് സ്ഥാനവും നാല് സഹമന്ത്രിസ്ഥാനവുമായിരിക്കും സേനയ്ക്ക് ലഭിക്കുക. ആഭ്യന്തരവകുപ്പിന് പകരം പൊതുമരാമത്ത് വകുപ്പ്, ഊര്‍ജം, ജലസംരക്ഷണം തുടങ്ങിയവയാണ് സേനയ്ക്ക് ലഭിക്കുന്ന പ്രധാന വകുപ്പുകള്‍. സുഭാഷ് ദേശായി, ദിവാകര്‍ റൗതെ, ഏകനാഥ് ഷിന്‍ഡെ എന്നിവരായിരിക്കും ക്യാബിനറ്റ് മന്ത്രിമാര്‍.
സഞ്ജയ് റാത്തോഡ്, സഞ്ജയ് ഷിര്‍സത്, വൈഭവ് നായിക്, സുനില്‍ പ്രഭു, സഞ്ജയ് പൊട്‌നിസ്, നീലം ഗോറെ എന്നിവരായിരിക്കും സഹമന്ത്രിമാര്‍. ഇവര്‍ക്ക് പുറമെ പത്തോ പന്ത്രണ്ടോ ബിജെപി മന്ത്രിമാരെ കൂടി ദേവേന്ദ്ര ഫഡ്‌നവിസ് മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തും. ഇവര്‍ നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. നിലവില്‍ മുഖ്യമന്ത്രി അടക്കം ഒന്‍പത് പേരാണ് മന്ത്രിസഭയിലുള്ളത്.