പദവി വാഗ്ദാന കുരുക്കില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി, ഫോണ്‍ സംഭാഷണം പുറത്ത്

Webdunia
ശനി, 27 ജൂണ്‍ 2015 (09:21 IST)
പദവി വാഗ്ദാന കുരുക്കില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍. ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ സഹായിച്ചാല്‍ സര്‍ക്കാരില്‍ ഉയര്‍ന്ന പദവി നല്‍കാമെന്ന് വാഗ്ദാനം ചെയ്തതാണ് അദ്ദേഹത്തെ വിവാദത്തിലാക്കിയിരിക്കുന്നത്. മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പദവി വാഗ്ദാന സംഭാഷങ്ങളെന്ന് കരുതുന്ന ഫോണ്‍ സംഭാഷണം വാട്‌സ് ആപ്പിലൂടെ പ്രചരിക്കുകയാണ്.

ഗരോത് അസംബ്ലി സീറ്റിലെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി നേതാവായ രാജേഷ് ചൗധരിയോട് മുഖ്യമന്ത്രി സംസാരിക്കുന്ന ഓഡിയോയാണ് പുറത്തുവന്നത്. മൂന്നു മിനിറ്റ് ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പാണ് പുറത്തുവന്നത്. സീറ്റ് മോഹിച്ചിരുന്ന നേതാവിന് പകരം മറ്റൊരാള്‍ക്ക് പാര്‍ട്ടി സീറ്റു കൊടുത്തു. പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് എതിരായി പ്രവര്‍ത്തിക്കാതിരിക്കാതെ അദ്ദേഹത്തെ ജയിപ്പിച്ചാല്‍ പകരം മെച്ചപ്പെട്ട പദവി നല്‍കാമെന്ന വാഗ്ദാനമാണ് കുരുക്കായത്.

ഗവണ്‍മെന്റില്‍ ഒരു പദവി വാഗ്ദാനം ചെയ്തതിലൂടെ മുഖ്യമന്ത്രി പെരുമാറ്റച്ചട്ടം ലംഘിച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ഓഡിയോ ടേപ്പ് വ്യാജമാണെന്ന് ബിജെപി പറയുന്നു. ഏതായാലും തിരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ കോണ്‍ഗ്രസ് പരാതി നല്‍കിയിരിക്കുകയാണ്.