ശിവസേനയുടെ ഭീഷണി പാക് സിനിമ താരങ്ങള്‍ക്ക് എതിരെയും

Webdunia
ബുധന്‍, 21 ഒക്‌ടോബര്‍ 2015 (08:57 IST)
പാകിസ്ഥാന്‍ സിനിമ താരങ്ങള്‍ക്കെതിരെയും ശിവസേനയുടെ ഭീഷണി. പാക് സിനിമ താരങ്ങളെ മഹാരാഷ്‌ട്രയുടെ മണ്ണില്‍ കാലു കുത്താന്‍ അനുവദിക്കില്ലെന്ന് സേന വ്യക്തമാക്കി. ശിവസേനയുടെ സിനിമ വിഭാഗമായ ശിവസേന ഛത്രപത് സേന ജനറല്‍ സെക്രട്ടറി അക്ഷയ് ബര്‍ദാപുര്‍ക്കര്‍ ആണ് ഇക്കാര്യം പറഞ്ഞത്.
 
തങ്ങളുടെ സിനിമയുടെ പ്രചാരണത്തിനായി പാക് സിനിമ താരങ്ങളായ മാഹിര ഖാന്‍, ഫവദ് ഖാന്‍ എന്നിവരെ മുംബൈയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 2014 ലില്‍ ഖുബ്‌സൂരത് എന്ന ചിത്രത്തിലൂടെ ബോളിവുഡിലെത്തിയ നടനാണ് ഫവദ് ഖാന്‍. ഷാരൂഖ് ഖാന്റെ നായികയായി റായീസില്‍ അരങ്ങേറ്റം കുറിക്കാനിരിക്കെയാണ് മാഹിര ഖാന്‍. ഇതിനിടയിലാണ് ഇവര്‍ക്കെതിരെ ഭീഷണി വന്നിരിക്കുന്നത്.
 
ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് കഴിഞ്ഞദിവസം ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരത്തിന് എത്തിയ പാക് കമന്റേറ്റർമാരും മുൻ ക്രിക്കറ്റ് താരങ്ങളുമായ വസീം അക്രവും, ശുഹൈബ് അക്തറും പാകിസ്ഥാനിലേക്ക് മടങ്ങിയിരുന്നു.  ശിവസേനയുടെ ഭീഷണി ശക്തമായതോടെ പാക് അമ്പയര്‍മാരായ അലീം ദറിനെ രാജ്യാന്തര ക്രിക്കറ്റ് ‌കൗൺസിൽ (ഐസിസി) പിന്‍വലിച്ചിരുന്നു.
 
കൂടാതെ, ശിവസേനയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പാടാന്‍ എത്തില്ലെന്ന് പാക് ഗസല്‍ ഗായകന്‍ ഗുലാം അലി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഗുലാം അലിയെ മുംബൈയില്‍ പാടാന്‍ അനുവദിക്കില്ലെന്ന് സേന പറഞ്ഞതിനെ തുടര്‍ന്ന് ഡല്‍ഹി മുഖ്യമന്ത്രി കെജ്‌രിവാള്‍ അദ്ദേഹത്തെ ഡല്‍ഹിയില്‍ പരിപാടി നടത്താന്‍ ക്ഷണിക്കുകയായിരുന്നു. ക്ഷണം സ്വീകരിച്ച ഗുലാം അലി കഴിഞ്ഞദിവസമാണ് പരിപാടിക്ക് എത്തില്ല എന്ന് അറിയിച്ചത്.
 
മുന്‍ പാക് വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തകപ്രകാശനത്തിന്റെ പേരില്‍ ബി ജെ പി മുന്‍ പ്രവര്‍ത്തകന്‍ കൂടിയായ സുതീന്ദ്ര കുല്‍ക്കര്‍ണിയുടെ മേല്‍ ശിവസേന കരിമഷി ഒഴിച്ചിരുന്നു.