ശിവസേനയുടെ ഭീഷണിയെ തുടര്‍ന്ന് പാക് കമന്റേറ്റർമാരും മുൻ ക്രിക്കറ്റ് താരങ്ങളുമായ വസീം അക്രവും, ശുഹൈബ് അക്തറും പാകിസ്ഥാനിലേക്ക് മടങ്ങുന്നു. മുംബൈയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക അഞ്ചാം ഏകദിനം ഉപേക്ഷിച്ചാണ് ഇരുവരും മടങ്ങുന്നത്. ശിവസേനയുടെ ഭീഷണി ശക്തമായതോടെ പാക് അമ്പയര്‍മാരായ അലീം ദറിനെ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) പിന്‍വലിച്ചിരുന്നു.
തിങ്കളാഴ്‌ച ഇന്ത്യ–പാക് പരമ്പരയ്ക്കു വേണ്ടിയുള്ള ബിസിസിഐ–പിസിബി ചർച്ചകൾ ശിവസേന തടസ്സപ്പെടുത്തിയതിനു പിന്നാലെ അലീം ദറിനെതിരെ ഭീഷണിയും ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തെ പിന്‍ വലിക്കാന്‍ ഐസിസി തീരുമാനിച്ചത്. നാലും അഞ്ചും ഏകദിനങ്ങളിലും അലീം ദാറായിരുന്നു ന്യബട്രല്‍ അമ്പയര്‍. അലീം ദറിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ഐസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഐസിസി അംപയര്‍മാരുടെ എലീറ്റ് പാനല്‍ അംഗവും മുന്‍ പാകിസ്ഥാന്‍ കളിക്കാരനുമാണ് അലീംദര്‍.
അലീം ദറിനു എല്ലാ സുരക്ഷയും നൽകുമെന്ന് ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂർ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഐസിസി അദ്ദേഹത്തെ പിൻവലിച്ചത്. നേരത്തെ പാക്ക് ഗായകൻ ഗുലാം അലിയുടെ സംഗീത പരിപാടിക്കെതിരെയും പാക്ക് മന്ത്രി ഖുർഷിദ് മഹമൂദ് കസൂരിയുടെ പുസ്തക പ്രകാശനത്തിനെതിരെയും ശിവസേന രംഗത്തെത്തിയിരുന്നു