മുൻ പാക് വിദേശകാര്യമന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകനും ബിജെപി നേതാവും പ്രമുഖ എഴുത്തുകാരനുമായ സുദീന്ദ്ര കുൽക്കർണിക്കു നേരെ ശിവസേനയുടെ ആക്രമം. സ്തക പ്രകാശന ചടങ്ങ് ഉപേക്ഷിക്കണമെന്ന ശിവസേനയുടെ ആവശ്യം നിരസിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ മുഖത്ത് അക്രമികള്‍ കരി ഓയില്‍ ഒഴിക്കുകയായിരുന്നു.
രാവിലെ വീടിന് മുന്നിലെത്തിയ എട്ടോളം ശിവസേന പ്രവർത്തകര്‍ തന്നോട് നല്ല രീതിയില്‍ സംസാരിക്കുകയു അതിനിടെ ആക്രമണ രീതിയില്‍ മുഖത്തേക്ക് കരി ഓയില്‍ ഒഴിക്കുകയുമായിരുന്നുവെന്ന് കുല്‍ക്കര്‍ണി വ്യക്തമാക്കി. ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന രീതിയിലാണ് ശിവസേനയുടെ പ്രവർത്തനം. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും കുൽക്കർണി പറഞ്ഞു. അതേസമയം, ശിവസേനയുടെ ഭീഷണി വകവയ്ക്കുന്നില്ലെന്നും ഇനി എന്തു വെല്ലുവിളി ഉണ്ടായാലും പുസ്തക പ്രകാശന ചടങ്ങ് നടത്തുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങ് റദ്ദാക്കണമെന്നും സംഘടിപ്പിച്ചാൽ വൻ പ്രതിഷേധം നേരിടേണ്ടി വരുമെന്നും ശിവസേന കുൽക്കർണിക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മുംബൈയിൽ വച്ച് ഇന്ന് പുസ്തകം പുറത്തിറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പാകിസ്ഥാൻ തീവ്രവാദികൾക്ക് സഹായം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവസേന ചടങ്ങിനെ എതിർത്തത്. പരിപാടി നടത്തരുതെന്ന് ചൂണ്ടിക്കാട്ടി ശിവസേന പ്ലാനറ്റോറിയം അധികൃതർക്ക് കത്ത് നൽകിയിരുന്നു.
‘നെയ്ദർ എ ഹോക്ക് നോർ എ ഡവ്: ആൻ ഇൻസൈഡേഴ്സ് അക്കൗണ്ട് ഓഫ് പാക്കിസ്ഥാൻസ് ഫോറിൻ പോളിസി’ എന്ന ഗ്രന്ഥത്തിന്റെ പ്രകാശനച്ചടങ്ങ് വർളി നെഹ്റു സെന്ററിലാണ് നിശ്ചയിച്ചിരിക്കുന്നത്. ചടങ്ങിൽ പങ്കെടുക്കാനായി ഖുർഷിദ് മഹമൂദ് കസൂരി മുംബൈയിലെ ഹോട്ടലിൽ എത്തിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സുരക്ഷ ശക്തമാക്കിയതായി മുംബൈ പൊലീസ് അറിയിച്ചു. സുധീന്ദ്ര കുൽക്കർണി ചെയർമാനായുള്ള ദ് ഓബ്‌സർവർ റിസർച് ഫൗണ്ടേഷനാണ് പരിപാടിയുടെ സംഘാടകർ.