ഷീന ബോറ കൊലക്കേസ്: അന്വേഷണത്തിന് നേതൃത്വം നല്കുന്ന കമ്മീഷണര്‍ ഇന്ദ്രാണിയുടെ സുഹൃത്ത്

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (12:00 IST)
ഷീന ബോറ കൊലക്കേസ് അന്വേഷണത്തിന് നേതൃത്വം നല്കുന്ന മുംബൈ പൊലീസ് കമ്മീഷണര്‍ കേസിലെ പ്രധാനപ്രതി ഇന്ദ്രാണി മുഖര്‍ജിയുടെ സുഹൃത്ത്. ഇന്ദ്രാണി മുഖര്‍ജിയും ഇന്ദ്രാണിയുടെ ഭര്‍ത്താവ് പീറ്റര്‍ മുഖര്‍ജിയുമായും മുംബൈ പൊലീസ് കമ്മീഷണര്‍ അഹമദ് ജാവേദിന് പരിചയമുണ്ടെന്നാണ് റിപ്പോര്‍ട്ട്.
 
സി എന്‍ എന്‍ - ഐ ബി എന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തു. അഹമദ് ജാവേദ് നടത്തിയ ഈദ് പാര്‍ട്ടിയിലേക്ക് ഇന്ദ്രാണിയെയും പീറ്ററിനെയും ക്ഷണിച്ചിരുന്നതായി സി എന്‍ എന്‍ - ഐ ബി എന്‍ റിപ്പോര്‍ട്ട് ചെയ്തു. 
 
2014 ജൂലൈയില്‍ മുംബൈ വര്‍ളിയിലെ മഹാരാഷ്‌ട്ര പൊലീസ് ഓഫീസര്‍മാരുടെ മെസ്സിലാണ് കമീഷണര്‍ അഹമദ് ജാവേദ് ഈദ് പാര്‍ട്ടി സംഘടിപ്പിച്ചത്. രാകേഷ് മരിയയുടെ സ്ഥലംമാറ്റം കേസ് അന്വേഷണത്തെ ബാധിക്കില്ളെന്ന് മുംബൈ പൊലീസ് കമ്മീഷണറായി ചുമതലയേറ്റ വേളയില്‍ അഹമദ് ജാവേദ് പറഞ്ഞിരുന്നു.
 
ഷീന ബോറ കൊലപാതക കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു രാകേഷ് മരിയയെ കമ്മീഷണര്‍ സ്ഥാനത്തു നിന്ന് മാറ്റിയത്. കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായിരുന്നു സ്ഥാനമാറ്റമെന്ന് അന്നുതന്നെ ആരോപണം ഉയര്‍ന്നിരുന്നു.