തന്റെ സുരക്ഷയെക്കുറിച്ച് ആശങ്കയുണ്ടെന്നും അവരുടെ അടുത്ത ലക്‌ഷ്യം താനാണെന്നും കൊല്ലപ്പെട്ട ഷീന ബോറയുടെ സഹോദരന്‍ മിഖൈല്‍ ബോറ. വ്യാഴാഴ്ച മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മിഖൈല്‍ തന്റെ ആശങ്ക തുറന്നു പറഞ്ഞത്.
കുടുംബത്തില്‍ സ്വത്തു തര്‍ക്കം നടക്കുന്നുണ്ടെന്നും മിഖൈല്‍ പറഞ്ഞു. വീട് ലഭിക്കുന്നതിനു വേണ്ടി തന്നെ ചിലപ്പോള്‍ കൊന്നേക്കും. തന്നെയും മുത്തശ്ശനെയും മുത്തശ്ശിയെയും വധിക്കുകയാണെങ്കില്‍ ഈ വീട് അവര്‍ക്ക് ലഭിക്കുമെന്നും മിഖൈല്‍ പറഞ്ഞു.
അതേസമയം, താന്‍ സഹോദരി ഷീനയെക്കുറിച്ച് ചോദിക്കുമ്പോള്‍ അമ്മ ഇന്ദ്രാണി അതിനൊന്നും വ്യക്തമായ ഉത്തരം നല്കിയിരുന്നില്ലെന്നും മിഖൈല്‍ പറഞ്ഞു. 2014 ഓഗസ്റ്റിലാണ് താന്‍ അവസാനമായി ഷീന എവിടെയെന്ന് ഇന്ദ്രാണിയോട് ചോദിച്ചത്. എന്നാല്‍, ഇനി മേലാല്‍ ഇത്തരം ചോദ്യങ്ങള്‍ ചോദിച്ച് തന്റെ സ്വസ്ഥത കളയരുതെന്നാണ് അന്ന് ഇന്ദ്രാണി തന്നോട് പറഞ്ഞതെന്നും മിഖൈല്‍ പറഞ്ഞു.
രാഹുല്‍ മുഖര്‍ജിയും ഷീനയും തമ്മില്‍ അടുപ്പമുണ്ടായിരുന്നതിന് തെളിവായി തന്റെ കൈയില്‍ കുറച്ച് ഫോട്ടോകള്‍ ഉണ്ടെന്നും മിഖൈല്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, രാഹുല്‍ മുഖര്‍ജിയെ വ്യാഴാഴ്ച പൊലീസ് ചോദ്യം ചെയ്തിരുന്നു.