മോഡി സര്‍ക്കാരിനെതിരെ കിംഗ് ഖാനും; ‘എങ്ങും ശക്തമായ അസഹിഷ്ണുത’

Webdunia
തിങ്കള്‍, 2 നവം‌ബര്‍ 2015 (13:39 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കീഴില്‍ രാജ്യത്ത് അസഹിഷ്ണുത ശക്തമായ തോതില്‍ ഉയരുന്നുവെന്ന് ബോളിവുഡ് താരം ഷാരൂഖ് ഖാന്‍. അസഹിഷ്ണുത എങ്ങും പ്രകടമായി കൊണ്ടിരിക്കുകയാണ്. ഇതില്‍ പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്നതില്‍ ബഹുമാനം തോന്നാറുണ്ട്. പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്ന അവസ്ഥയിലേക്ക് താന്‍ എത്തിയിട്ടില്ലെന്നും ഷാരൂഖ് പറഞ്ഞു.

രാജ്യത്ത് അസഹിഷ്ണുത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കലാകാരന്‍മാരും എഴുത്തുകാരും പ്രതികരിക്കുന്ന രീതിയോട് ബഹുമാനമുണ്ട്. പലരും ആലോചിക്കാതെ വാക്കുകള്‍ ഉപയോഗിക്കുകയാണ്. നിങ്ങള്‍ക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കുറ്റകൃത്യം മതേതര വാദി ആവാതിരിക്കുക എന്നതാണെന്നും കിംഗ് ഖാനും പറഞ്ഞു.

പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്ന സാഹചര്യത്തിലേക്കും അവസ്ഥയിലേക്കും താന്‍ എത്തിയിട്ടില്ല. അവര്‍ സമൂഹത്തിനായി ചെയ്‌ത പ്രവര്‍ത്തികളേക്കാള്‍ കൂടുതലായി താന്‍ ഒന്നും ചെയ്‌തിട്ടില്ല. എന്നാല്‍ പ്രതിഷേധക്കാരുടെ സമരരീതിയോട് ബഹുമാനമുണ്ട്. പ്രതിഷേധം കാര്യങ്ങള്‍ മാറ്റി മറിക്കുമെന്ന് അവര്‍ കരുതുന്നുവെങ്കില്‍ അത് ധീരവും സത്യസന്ധവുമാണ്. ഒരു സിനിമ താരം എന്ന നിലയില്‍ തന്റെ പ്രതിഷേധങ്ങള്‍ക്ക് പരിധിയുണ്ടെന്നും ഷാരൂഖ് പറഞ്ഞു.

നാം അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് പറയുന്നു. എന്നാല്‍ എന്തെങ്കിലും തുറന്നു പറഞ്ഞാല്‍ ആളുകള്‍ എന്റെ വീട്ടിനു മുന്നില്‍ വന്നു കല്ലെറിയുകയും ചെയ്യുന്നു. ഞാന്‍ ഒരു നിലപാട് എടുക്കുകയാണെങ്കില്‍, അതിന്റെ കൂടെ ഉറച്ചു നില്‍ക്കുമെന്നും ഷാരൂഖ് പറഞ്ഞു. അമ്പതാം പിറന്നാളിനോട് അനുബന്ധിച്ച് ഇന്ത്യാ റ്റുഡേ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.