ഇത് ചരിത്രവിധി; സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമല്ല, ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് സുപ്രീംകോടതി

വ്യാഴം, 6 സെപ്‌റ്റംബര്‍ 2018 (11:58 IST)
ഉഭയ സമ്മതപ്രകാരമുള്ള സ്വവർഗ ലൈംഗികത ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്‌റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഒറ്റക്കെട്ടായാണ് തീരുമാനമെടുത്തത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 377മത് വകുപ്പിന്റെ സാധുത ചോദ്യം ചെയ്തുകൊണ്ട് സമര്‍പ്പിച്ച ഹര്‍ജികളിലാണ് വിധി പറഞ്ഞത്. 
 
ജീവിക്കാനുള്ള സ്വാതന്ത്യ്രമാണ് പ്രധാനം. ഒരാളുടെ ലൈംഗികത ഭയത്തോടെ ജീവിക്കാനുള്ള ഒരു കാരണമാകരുത്. എൽ ജി ബി ടി സമൂഹത്തിന് മറ്റെല്ലാവരും ജീവിക്കുന്നത് പോലെ ജീവിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും ഉണ്ട്. സ്വവർഗ ലൈംഗികത നിയമവിധേനയെന്നും കോടതി നിരീക്ഷിച്ചു. ഞാൻ എന്താണോ അതുപോലെ ജീവിക്കാനാകണം എന്നും കോടതി വ്യക്തമാക്കി.
 
ഉഭയസമ്മത പ്രകാരമുള്ള സ്വവര്‍ഗ ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് ഡല്‍ഹി ഹൈക്കോടതി 2009 ല്‍ വിധി പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി ഹൈക്കോടതിയുടെ ഈ വിധി 2013 ല്‍ സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് റദ്ദാക്കുകയായിരുന്നു.
 
ഇതേ തുടർന്ന് 2016ല്‍ ഭരതനാട്യം നര്‍ത്തകന്‍ എന്‍ എസ് ജോഹർ‍, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്റ, റിതു ഡാല്‍മിയ, അമന്‍ നാഥ് തുടങ്ങിയവര്‍ ഉഭയസമ്മത പ്രകാരമുള്ള ലൈംഗികത കുറ്റകരമല്ലാതാക്കണമെന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ജൂലായ് 17ന് ഹർജികളിൽ വാദം പൂർത്തിയായിരുന്നു. അതിന്റെ വിധിയാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍