പോയസ് ഗാർനില്‍ നാടകീയ സംഭവങ്ങള്‍; പനീർ സെൽവം ശശികലയെ കണ്ടു

Webdunia
വ്യാഴം, 8 ഡിസം‌ബര്‍ 2016 (14:48 IST)
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിത അന്തരിച്ചതിനെത്തുടര്‍ന്ന് തമിഴ് രാഷ്‌ട്രീയത്തില്‍ വന്‍ മാറ്റങ്ങള്‍ക്ക് കളമൊരുങ്ങുന്നു. ജയലളിതയുടെ തോഴിയും പാര്‍ട്ടിയിലെ ശക്തി കേന്ദ്രവുമായ ശശികല നടരാജന്‍ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി സ്‌ഥാനത്തേക്കു വരുമെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മുഖ്യമന്ത്രി ഒ പനീർ സെൽവം അവരുമായി കൂടിക്കാഴ്ച നടത്തി.

ശശികല താമസിക്കുന്ന പോയസ് ഗാർനില്‍ എത്തിയാണ് പനീർ സെൽവം ശശികലയുമായി കൂടിക്കാഴ്‌ച നടത്തിയത്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ജയലളിതയുടെ നിര്യാണത്തിന് ശേഷമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാനാണ് യോഗം ചേര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം, തമിഴ് നാട് രാഷ്‌ട്രീയം നിയന്ത്രിക്കുന്നത് ശശികലയാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. മുഖ്യമന്ത്രി പനീര്‍ സെല്‍‌വത്തെ മുന്നിൽ നിർത്തി ഭരണം നിയന്ത്രിക്കുക എന്നതാണ് ശശികല ലക്ഷ്യമാക്കുന്നതെന്നാണ് ചില ദേശീയ മധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജയലളിത മൽസരിച്ച ആർകെ നഗറിൽ നിന്ന് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന കാര്യവും ശശികല ആലോചിക്കുന്നുണ്ട്.
Next Article