ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ; ഒന്നും മിണ്ടാതെ പാർട്ടി പ്രവർത്തകർ

Webdunia
ചൊവ്വ, 7 ഫെബ്രുവരി 2017 (07:50 IST)
തമിഴ്‌നാട് മുഖ്യമന്ത്രിയായുള്ള വി കെ ശശികലയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. ചൊവ്വാഴ്ച സത്യപ്രതിജ്ഞ നടക്കാൻ സാധ്യതയില്ല. തമിഴ്‌നാടിന്റെ ചുമതലയുള്ള ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തിങ്കളാഴ്ച ഇതു സംബന്ധിച്ച് നിയമോപദേശം തേടിയതോടെയാണ് വിഷയം വിവാദമായത്.
 
ശശികലയെ തമിഴ്‌നാട് മുഖ്യമന്ത്രിയാക്കരുതെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. അനധികൃത സ്വത്തു സമ്പാദനക്കേസിൽ വിധി വരുന്നതുവരെ ശശികലയുടെ സതൃപ്രതിജ്ഞ നടപ്പാക്കരുതെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിതയ്‌ക്കൊപ്പം ശശികലയെയും പ്രതിചേര്‍ത്തിരുന്നു. ഈ കേസില്‍ സുപ്രീം കോടതി ഒരാഴ്ചയ്ക്കകം വിധി പറയും.
 
ഇതിന്റെ അടിസ്ഥാനത്തിലാണ് പൊതുതാൽപര്യ ഹർജി നൽകിയിരുക്കുന്നത്. അതേസമയം, ശശികല ചൊവ്വാഴ്ച മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നായിരുന്നു കരുതിയിരുന്നത്. എന്നാൽ, ഹർജി നൽകിയ സാഹചര്യത്തിൽ ഇന്ന് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കാൻ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുക‌ൾ.
 
ജയലളിത അന്തരിച്ചതിനെ തുടര്‍ന്ന് എഡിഎംകെ ജനറല്‍ സെക്രട്ടറി ആയി ശശികല തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ചേര്‍ന്ന പാര്‍ട്ടി യോഗത്തില്‍ നിയമസഭ കക്ഷി നേതാവായും ശശികലയെ ഐക്യകണ്ഠേന തെരഞ്ഞെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് മുഖ്യമന്ത്രി ആയിരുന്ന ഒ പനീര്‍സെല്‍വം രാജി വെയ്ക്കുകയായിരുന്നു.
മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ആറുമാസത്തിനുള്ളിൽ ശശികലയ്‌ക്ക് നിയമസഭാംഗത്വം നേടേണ്ടിവരും.
Next Article