ജയലളിതയുടെ മരണം അന്വേഷിക്കേണ്ടതില്ല, അത് അമ്മയ്ക്ക് അപമാനകരം: ശശികല

ബുധന്‍, 8 ഫെബ്രുവരി 2017 (15:06 IST)
ഡി എം കെയ്ക്ക് ഒപ്പം ചേര്‍ന്ന് അണ്ണാഡിഎംകെയെ തകര്‍ക്കാന്‍ പനീര്‍ശെല്‍വം ശ്രമിക്കുന്നെന്ന് ജനറല്‍ സെക്രട്ടറി വികെ ശശികല. പാര്‍ട്ടിയെ സംരക്ഷിക്കുക എന്നത് തന്റെ ഉത്തരവാദിത്തമാണെന്നും പാർട്ടിയെ തകർക്കാൻ ആർക്കും കഴിയില്ലെന്നും ശശികല പറഞ്ഞു.
 
മുഖ്യമന്ത്രിയാകാന്‍ പനീര്‍ശെല്‍വം അടക്കം നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. എല്ലാവരും ആവശ്യപ്പെട്ടിട്ടാണ് പാര്‍ട്ടി നേതൃത്വം ഏറ്റെടുത്തത്. സമ്മര്‍ദ്ദത്തിലാണെന്ന് ഒ പി എസ് തന്നോട് പറഞ്ഞിരുന്നെന്നും അതു കഴിഞ്ഞുള്ള 48 മണിക്കൂറിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശശികല വ്യക്തമാക്കി.
 
ജയലളിതയുടെ മരണം അന്വേഷിക്കേണ്ടതില്ല. അന്വേഷിക്കുന്നത് അമ്മയ്ക്ക് അപമാനകരമാണെന്നും ചിന്നമ്മ പറഞ്ഞു. ഇത്രയും കാലം പനീര്‍ശെല്‍വം മിണ്ടാതിരുന്നതെതുകൊണ്ടാണ്, എവിടെയായിരുന്നു ഇതുവരെ ഇദ്ദേഹമെന്നും ശശികല ചോദിക്കുന്നു.
 
തന്റെ അടുത്തിരുന്നാണ് സമ്മര്‍ദ്ദമുണ്ടെന്ന് പറഞ്ഞത്. ഒരിക്കലും രാജി വെക്കാന്‍ പനീര്‍സെല്‍വത്തെ നിര്‍ബന്ധിച്ചിരുന്നില്ല. പിന്നെ എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ഡി എം കെയുടെ ദുരൈമുരുകന്‍ പാര്‍ട്ടിക്കെതിരെ പ്രസ്താവന നടത്തിയപ്പോള്‍ അദ്ദേഹം മൌനിയായിരുന്നു. എനിക്ക് മനസ്സിലാകുന്നത് അദ്ദേഹം ഡി എം കെയുടെ ഒപ്പമാണെന്നാണ്. 
 
അമ്മയുടെ നിര്യാണത്തിനു ശേഷം അണികള്‍ ചുമതല ഏറ്റെടുക്കാന്‍ തന്നോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, താന്‍ വളരെ ദു:ഖിതയായിരുന്നു. താനോ പാര്‍ട്ടിയോ ഡി എം കെയുടെ ഭീഷണിയെ ഭയക്കുന്നില്ല. മുഖ്യമന്ത്രിയാകും എന്ന ഒറ്റ കാരണത്താല്‍ അമ്മയുടെ ആഗ്രഹങ്ങള്‍ക്ക് എതിരെ പോകാന്‍ ഒ പി എസിന് കഴിയില്ല.
 
മുന്‍ മുഖ്യമന്ത്രി ജയലളിത നിരവധി പ്രശ്നങ്ങളെ അഭിമുഖീകരിച്ചിരുന്നു. താനും അത് അഭിമുഖീകരിക്കേണ്ടി വന്നിരുന്നു. തങ്ങള്‍ ഇതിനെ ധൈര്യപൂര്‍വ്വം നേരിട്ടു. അതുപോലെ ഇപ്പോള്‍ വരുന്ന പ്രശ്നങ്ങളെ പാര്‍ട്ടി ഒരുമിച്ചു നിന്ന് നേരിടുമെന്നും ശശികല പറഞ്ഞു.

വെബ്ദുനിയ വായിക്കുക