സല്‍മാന്‍ഖാന്റെ പരാമര്‍ശം മാനസികാഘാതം സൃഷ്‌ടിച്ചു; 10 കോടി നഷ്‌ടപരിഹാരം തേടി യുവതി

തിങ്കള്‍, 27 ജൂണ്‍ 2016 (14:50 IST)
മാനഭംഗത്തിനിരയായ പെണ്‍കുട്ടിയെപോലെ അവശനായെന്ന പരാമര്‍ശത്തില്‍ സല്‍മാന്‍ഖാന്‍ വീണ്ടും പുലിവാലു പിടിച്ചു. സല്‍മാന്‍ഖാന്റെ പരാമര്‍ശം മാനസികാഘാതം ഉണ്ടാക്കിയെന്നും 10 കോടി രൂപ നഷ്‌ടപരിഹാരം നല്കണമെന്നും ആവശ്യപ്പെട്ട് മാനഭംഗത്തിന് ഇരയായ യുവതി നോട്ടീസ് അയച്ചു.
 
ഹരിയാനയിലെ ഹിസാര്‍ സ്വദേശിയാണ് സല്‍മാന്റെ ബാന്ദ്രയിലുള്ള വിലാസത്തിലേക്ക് നോട്ടീസ് അയച്ചത്. പരാമര്‍ശം പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും യുവതി ആവശ്യപ്പെട്ടു. സല്‍മാന്റെ പരാമര്‍ശത്തിലൂടെ തന്റെ വ്യക്തിത്വത്തിന് കളങ്കമുണ്ടായതായി പെണ്‍കുട്ടി പറയുന്നു. ഇത് തന്നെ മാനസികമായി തളര്‍ത്തി. ഇപ്പോള്‍ താന്‍ മനശാസ്ത്രഞ്ജന്റെ ചികിത്സയിലാണ്. തന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം സല്‍മാന്റെ പരാമര്‍ശമാണെന്നും നോട്ടീസില്‍ പറയുന്നു. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം നഷ്ടപരിഹാരം നല്‍കണമെന്നും ഇല്ലെങ്കില്‍ ക്രിമിനല്‍കേസ് ഫയല്‍ ചെയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിട്ടുണ്ട്. 
 
ബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയുടെ വേദന അവള്‍ക്ക് മാത്രമേ മനസിലാവുകയുള്ളു. സല്‍മാനെ പോലുള്ള ഒരാള്‍ക്ക് എങ്ങനെ ഇത്തരത്തില്‍ ഒരു മോശം പരാമര്‍ശം നടത്താന്‍ കഴിഞ്ഞുവെന്നും പെണ്‍കുട്ടി ചോദിക്കുന്നു. 
 
നാലു വര്‍ഷം മുമ്പ് 10 പേര്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തില്‍ മനംനൊന്ത് പെണ്‍കുട്ടിയുടെ പിതാവ് ആത്മഹത്യ ചെയ്തു. 10 പേരില്‍ നാലുപേരെ കോടതി ജീവപര്യന്തം തടവിന് വിധിച്ചെങ്കിലും വധശിക്ഷ നല്‍കണം എന്ന് ആവശ്യപ്പെട്ട് ഹരിയാന ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് പെണ്‍കുട്ടി.

വെബ്ദുനിയ വായിക്കുക