ബോളീവുഡ് നടന്‍ നടന്‍ സല്‍മാന്‍ ഖാന്റെ വാഹനം ഇടിച്ച് ഒരാള്‍ മരിച്ച കേസില്‍ മുംബൈ സെഷന്‍സ് കോടതി വിധിപറഞ്ഞു. കേസില്‍ സല്‍മാന്‍ കുറ്റക്കാരനാണെന്നാണ് കോടതി വിധിച്ചിരിക്കുന്നത്. സല്‍മാനെതിരെയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞു എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. അപകടസമയത്ത് സല്‍മാനാണ് വാഹനം ഓടിച്ചതെന്നും സല്‍മാന്‍ മദ്യപിച്ച് മിത വേഗതയിലാണ് വാഹനം ഓടിച്ചതെന്നും കോടതി വ്യക്തമാക്കി. കേസില്‍ വാഹനമോടിച്ചത് താനാണെന്ന് സല്‍മാന്റെ ഡ്രൈവര്‍ കോടതിയില്‍ മൊഴിനല്‍കിയിരുന്നു. എന്നാല്‍ കോടതി ഇത് തള്ളിക്കളഞ്ഞു.
കേസില്‍ അന്തരിച്ച സല്‍മാന്റെ മുന്‍ അംഗരക്ഷകനായിരുന്ന പൊലീസുകാരന്റെ മൊഴി നിര്‍ണായകമായി. നടന്റെ അംഗരക്ഷകനും പോലീസുകാരനുമായിരുന്ന രവീന്ദ്ര പാട്ടീലിന്റെ മൊഴി സല്‍മാന് എതിരായിരുന്നു. സല്‍മാന്റെ വാഹനമിടിക്കുമ്പോള്‍ നടനൊപ്പം ആ വാഹനത്തില്‍ രവീന്ദ്ര പാട്ടീലും ഉണ്ടായിരുന്നു. ബാന്ദ്ര പോലീസ് സ്റ്റേഷനില്‍ കേസ് ഫയല്‍ ചെയ്തതും ഈ പോലീസ് കോണ്‍സ്റ്റബിളാണ്. കേസില്‍ മജിസ്ട്രേറ്റ് കോടതിയില്‍ വിചാരണ നടക്കുന്ന സമയത്ത് ഇദ്ദേഹം സല്‍മാനെതിരായ മൊഴി നല്‍കിയിരുന്നു. ഇതിനു ശേഷം കേസ് വിചാരണയിലിരിക്കെ ക്ഷയരോഗം മൂലം ഇദ്ദേഹം മരിക്കുകയായിരുന്നു.
2002 സപ്തംബര്‍ 28-ന് സല്‍മാന്‍ ഖാന്റെ ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ കാര്‍ ബാന്ദ്രയിലെ അമേരിക്കന്‍ എക്‌സ്പ്രസ്സ് ബേക്കറിയുടെ മുന്നിലുള്ള നടപ്പാതയിലേക്ക് നിയന്ത്രണം വിട്ട് ഓടിക്കയറുകയായിരുന്നു. നടപ്പാതയില്‍ ഉറങ്ങിക്കിടന്നിരുന്നവരില്‍ ഒരാള്‍ മരിച്ചു. നാലു പേര്‍ക്ക് പരിക്കേറ്റു. നേരത്തെ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന അതി വേഗത്തില്‍ വാഹനമോടിച്ചു എന്ന കേസായിരുന്നു സല്‍മാനെതിരെ എടുത്തിരുന്നത്. പിന്നീട് പത്തു വര്‍ഷംവരെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള മനപ്പൂര്‍വമല്ലാത്ത നരഹത്യകൂടി ഉള്‍പ്പെടുത്തുകയായിരുന്നു.