പ്രതിഫല തര്‍ക്കം; ഇന്ത്യന്‍ പുരുഷ ഹോക്കി കോച്ച് രാജിവച്ചു

Webdunia
ചൊവ്വ, 18 നവം‌ബര്‍ 2014 (17:24 IST)
ഇന്ത്യന്‍ പുരുഷ ഹോക്കിയെ പഴയ പ്രതാപത്തിന്റെ സമീപത്തേക്ക് തിരിച്ചുകൊണ്ടുവന്ന കൊച്ച് ടെറി വാല്‍ഷ് രാജിവച്ചു. വാല്‍ഷ് മുന്നോട്ട് വച്ച പ്രതിഫല പ്രശ്നങ്ങള്‍ അടക്കമുള്ളവ പരിഹരിക്കപ്പെടാതെ പോയതിനെ തുടര്‍ന്നാണ് രാജി. വാല്‍ഷ് ബുധനാഴ്ച ആസ്ട്രേലിയിലേക്ക് മടങ്ങും. നവംബര്‍ 19ന് ഇദ്ദേഹത്തിന്റെ കാലാവധി കഴിയും. അതിനു മുമ്പ് ആവശ്യപ്പെട്ട കാര്യങ്ങള്‍ തീര്‍പ്പാക്കാന്‍ ഹോക്കി ഇന്ത്യ തയ്യാറാകാത്തതാണ് ടെറി വാല്‍ഷിനെ പ്രകോപിപ്പിച്ചത്.

പതിനാറ് വര്‍ഷത്തിനു ശേഷം ഇന്ത്യന്‍ പുരുഷ ഹോക്കി ടീമിനെ ഏഷ്യന്‍ ഗെയിംസ് ജേതാക്കളാക്കിയാണ് ടെറി മടങ്ങുന്നത്. നേരത്തെ ഇതേ ആവശ്യങ്ങള്‍ നടപ്പിലാകാത്തതിനെ തുടര്‍ന്ന് ടെറി കഴിഞ്ഞ മാസം രാജി വച്ചിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് ഹോക്കി ഇന്ത്യ അറിയിച്ചതിനേ തുടര്‍ന്ന് ഇദ്ദേഹം രാജി പിന്‍‌വലിച്ചിരുന്നു. എന്നാല്‍ പ്രശ്നങ്ങളൊന്നും തന്നെ പരിഹരിക്കപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

വാല്‍ഷ് മുന്നോട്ട് വച്ച ആവശ്യങ്ങളെ കുറിച്ച് പരിശോധിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ചെങ്കിലും ധാരണയില്‍ എത്താന്‍ കഴിയാതെ വന്നതോടെയാണ് രാജിയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് അദ്ദേഹം തീരുമാനിച്ചത്. വാല്‍ഷ് ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഭരണപരമല്ലെന്നും സാന്പത്തികപരമായതാണെന്നും ഹോക്കി ഇന്ത്യ പ്രസിഡന്റ് നരേന്ദ്ര ബത്ര പറഞ്ഞു. വാല്‍ഷിന്റെ കാലത്ത് സാന്പത്തിക ക്രമക്കേട് നടന്നതായും അദ്ദേഹം ആരോപിച്ചു. അതിനാല്‍ തന്നെ വാല്‍ഷിനെ നിലനിര്‍ത്താന്‍ ഹോക്കി ഇന്ത്യയ്ക്കും അത്ര താല്‍പര്യമില്ലായിരുന്നു.

അടുത്ത മാസം ഭുവനേശ്വറില്‍ ആരംഭിക്കുന്ന ചാന്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാന്‍ വാല്‍ഷ് ഉണ്ടാവില്ലെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. അതേസമയം വാല്‍ഷ്, 120 ദിവസത്തെ ശന്പളത്തോട് കൂടിയ അവധിയാണ് ചോദിച്ചിരിക്കുന്നതെന്നും ഇക്കാലയളവില്‍ ടീമംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ ബന്ധപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് https://play.google.com/store/apps/details?id=com.webdunia.app&hl=en ചെയ്യുക. ഫേസ്ബുക്കിലും https://www.facebook.com/pages/Webdunia-Malayalam/189868854377429?ref=hl ട്വിറ്ററിലും https://twitter.com/Webdunia_Mal പിന്തുടരുക.