ഒളിംപിക് മെഡലുമായി സാക്ഷി മാലിക് ഹരിയാനയിലെത്തി; 2.5 കോടി രൂപയുടെ ചെക്ക് മുഖ്യമന്ത്രി കൈമാറി; സാക്ഷി ഇനി ‘ബേഠി പഠാവോ - ബേഠി ബചാവോ’ ബ്രാന്‍ഡ് അംബാസഡര്‍

ബുധന്‍, 24 ഓഗസ്റ്റ് 2016 (13:53 IST)
റിയോ ഒളിംപിക്‌സില്‍ ഗുസ്തിയില്‍ വെങ്കലം നേടി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയ സാക്ഷി മാലിക്കിന് ജന്മനാട്ടില്‍ ഗംഭീരസ്വീകരണം. ഹരിയാന സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വീകരണപരിപാടിയില്‍ 2.5 കോടി രൂപയുടെ ചെക്ക് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ സാക്ഷിക്ക് കൈമാറി.
 
കൂടാതെ, ഹരിയാനയുടെ ‘ബേഠി പഠാവോ - ബേഠി ബചാവോ’ പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡറായി സാക്ഷിയെ നിയമിക്കുകയും ചെയ്തു. രാജ്യത്തിന്റെ പെണ്‍മക്കളായ സാക്ഷിയും സിന്ധുവും റിയോയില്‍ രാജ്യത്തിന്റെ അഭിമാനം കാത്തെന്നും അദ്ദേഹം ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു.
 
റിയോയില്‍ നിന്ന് ഇന്ന് രാവിലെ ആയിരുന്നു സാക്ഷി മാലിക് ഡല്‍ഹിയില്‍ എത്തിയത്. ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ നൂറുകണക്കിന് ആരാധകര്‍ ആയിരുന്നു സാക്ഷിയെ സ്വീകരിക്കുന്നതിനായി എത്തിയത്. ഹരിയാന മന്ത്രിസഭയിലെ അംഗങ്ങളും ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികളും സാക്ഷിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ആരാധകരുടെ ഇടയില്‍ നിന്ന് പൊലീസ് വളരെ കഷ്‌ടപ്പെട്ടാണ് വിമാനത്താവളത്തിന് പുറത്തെത്തിച്ചത്.

വെബ്ദുനിയ വായിക്കുക