ശബരിമല ബില്ല് എൻ കെ പ്രേമചന്ദ്രൻ ലോക്‍സഭയില്‍ അവതരിപ്പിച്ചു; ലഭിച്ചത് ഏകകണ്ഠമായി അനുമതി
വെള്ളി, 21 ജൂണ്‍ 2019 (17:29 IST)
ശബരിമലയിൽ യുവതീപ്രവേശനം തടയാനുള്ള സ്വകാര്യ ബിൽ എൻകെ പ്രേമചന്ദ്രന്‍ എംപി ലോക്‍സഭയില്‍ അവതരിപ്പിച്ചു. സഭ ഏകകണ്ഠമായാണ് ബിൽ അവതരിപ്പിക്കാനുള്ള അനുമതി നൽകിയത്.
ബിൽ ഈ മാസം 25 തീയതിയുള്ള നറുക്കെടുപ്പിൽ ഉൾപ്പെടുത്തും. തുടർന്ന് നറുക്കെടുക്കുകയാണെങ്കിൽ ജൂലായ് 12ന് ഇത് സംബന്ധിച്ച് ചർച്ച നടത്തും. ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധിക്ക് മുമ്പുള്ള സ്ഥിതി ശബരിമലയിൽ തുടരണമെന്നാണ് ബില്ലിലെ ആവശ്യം.
ബില്ലിനുള്ള അവതരണാനുമതിയെ സഭയിലുണ്ടായിരുന്ന അംഗങ്ങളാരും എതിർത്തില്ല. 25ന് നറുക്കെടുക്കുന്ന മൂന്നു ബില്ലുകളിലാണ് ലോക്‌സഭയില്‍ ചര്‍ച്ച നടക്കുക. ശബരിമലയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനു മുമ്പുള്ള സ്ഥിതി തുടരാന്‍ വ്യവസ്ഥ ചെയ്യുന്നതാണ് പ്രേമചന്ദ്രന്‍ അവതരിപ്പിച്ച ശ്രീധര്‍മശാസ്താ ടെമ്പിള്‍ (സ്‌പെഷല്‍ പ്രൊവിഷന്‍) ബില്‍ 2019.
ലോക്സഭയിൽ ശബരിമല വിഷയം ഉന്നയിച്ച് ബിജെപി എംപി മീനാക്ഷി ലേഖി. ഭക്തരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ നിയമനിർമ്മാണം വേണമെന്ന് മീനാക്ഷി ലേഖി ശൂന്യവേളയിൽ ഉന്നയിച്ചു. എന്നാല്‍, ശബരിമല സംബന്ധിച്ച ബില്ലുകൾ പൂർണതയുള്ളതല്ലെന്നും വാർത്തകളിൽ ഇടം നേടാനാണ് ബില്ലായി വരുന്നതെന്നുമുള്ള മീനാക്ഷി ലേഖിയുടെ ആരോപണത്തെ പ്രേമചന്ദ്രൻ രൂക്ഷമായി വിമർശിച്ചു.