ഒരു പെണ്‍കുട്ടിയും ഇന്ത്യയില്‍ ജനിക്കരുത്; ഐഎഎസ്‌ ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു

Webdunia
ചൊവ്വ, 4 ഓഗസ്റ്റ് 2015 (15:56 IST)
മധ്യപ്രദേശില്‍ നിന്നുളള റിജു ബാഫ്‌ന എന്ന യുവ  ഐഎഎസ്‌ ഓഫീസറുടെ ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നു. 'ഒരു സ്‌ത്രീയും ഇന്ത്യയില്‍ ജനിക്കരുത്‌ എന്ന്‌ പ്രാര്‍ത്ഥിക്കാന്‍ മാത്രമേ എനിക്കു കഴിയൂ', എന്നാണ് റിജു ബാഫ്‌ന എന്ന യുവ ഓഫീസര്‍ നിരാശയോടെ കുറിച്ചത്.

കഴിഞ്ഞ ആഴ്‌ച ഒരു ഉദ്യോഗസ്‌ഥനെതിരെ റിജു ബാഫ്‌ന ലൈംഗിക പീഡന പരാതി ഫയല്‍ ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് ഉണ്ടായ ദുരനുഭവങ്ങളാണ് റിജു ബാഫ്‌നയുടെ കുറിപ്പിന് പിന്നില്‍. മൊബൈലിലേക്ക് മനുഷ്യാവകാശകമ്മീഷന്‍ അംഗമായ സന്തോഷ്‌ ചാബിയ എന്നയാള്‍ക്കെതിരെ ലൈംഗിക അതിക്രമത്തിന് റിജു കേസ് കൊടുത്തിരുന്നു.. ഇതേത്തുടര്‍ന്ന് ഇയാളെ ജോലിയില്‍ നിന്ന് ചാബിയെ കളക്ടര്‍ പുറത്താക്കി.

കേസില്‍ മൊഴി നല്കാന്‍ കോടതിയില്‍ എത്തിയപ്പോഴുണ്ടായ അനുഭവം റിജു വിവരിക്കുന്നതിങ്ങനെ. മൊഴി നല്‍കാന്‍ എത്തിയപ്പോള്‍ ഒരു അഭിഭാഷകന്‍ തന്റെ സമീപം നിലയുറപ്പിച്ചു. മറ്റ് ചില അഭിഭാഷകരും തനിക്ക് സമീപമുണ്ടായിരുന്നു. സ്വകാര്യത വേണമെന്നും ഇത്രയും ആളുകളുടെ മുന്നില്‍ തനിക്ക് മൊഴി നല്‍കാന്‍ സാധിക്കില്ലെന്നും പറഞ്ഞപ്പൊല്‍ ഒരു അഭിഭാഷകന്‍ തന്നോട് തട്ടിക്കയറിയെന്ന് റിജു പറയുന്നു. ഓഫീസില്‍ നിങ്ങള്‍ മേലധികാരിയായിരിക്കാം പക്ഷേ അത് കോടതിയിലല്ലെന്നും അയാള്‍ പറഞ്ഞതായി റിജു തന്റെ പോസ്റ്റില്‍ പറയുന്നു.

ഇത്തരം കാര്യങ്ങളില്‍ മൊഴി നല്‍കുമ്പോള്‍ സ്ത്രീകള്‍ക്ക് സ്വകാര്യത ആവശ്യമുണ്ടെന്നും മോശപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മജിസ്ട്രേറ്റിനോട് ആവശ്യപ്പെട്ടു. താങ്കള്‍ ചെറുപ്പമായതുകൊണ്ടാണ് ഇങ്ങനെ തോന്നുന്നത് എന്നായിരുന്നു മജിസ്ട്രേറ്റിന്റെ പ്രതികരണം. ഈ രാജ്യത്ത്‌ പെണ്‍കുട്ടിയായി ജനിച്ചാല്‍ എല്ലായിടത്തും പൊരുതാനുളള ധൈര്യം സ്വയമാര്‍ജിക്കണമെന്ന്‌ പറഞ്ഞാണ്‌ പോസ്‌റ്റ് അവസാനിപ്പിക്കുന്നത്‌