ഓണം ലക്ഷ്യമാക്കി ആന്ധ്ര ലോബി കളിക്കുന്നു; സംസ്ഥാനത്ത് അരി വില വര്‍ദ്ധിക്കുന്നു
ബുധന്‍, 8 ജൂണ്‍ 2016 (09:42 IST)
സംസ്ഥാനത്ത് അരിവില ഉയരുന്നതിന് പിന്നില്‍ ആന്ധ്ര ലോബിയുടെ ഇടപെടല്‍ ആണെന്ന് റിപ്പോര്‍ട്ട്. പച്ചക്കറിക്കും മത്സ്യത്തിനും വില വര്‍ദ്ധിച്ചതിനൊപ്പം അരിക്കും വില കൂടുന്നതിന് കാരണമാകുന്നത് ഓണം ലക്ഷ്യമാക്കി ആന്ധ്രയിലെ കുത്തകമില്ലുകള്‍ സൃഷ്ടിക്കുന്ന കൃത്രിമ ക്ഷാമം ആണെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ഓണം അടുത്തുവരുന്നതോടെ അരിയുടെ വില വര്‍ദ്ധിപ്പിക്കാന്‍ ലഭ്യത കുറയ്‌ക്കുക എന്ന തന്ത്രമാണ് ആന്ധ്ര ലോബി പയറ്റുന്നത്.
ഒരാഴ്ചയായി ആന്ധ്രയില്‍നിന്ന് അരി വരവ് നിലച്ചതോടെ പൊതുവിപണിയില്‍ അരിവില അഞ്ചുരൂപവരെ ഇതിനകം തന്നെ കൂടി കഴിഞ്ഞു. മലയാളികള്‍ ഏറെ ഉപയോഗിക്കുന്ന ജയ, സുരേഖ ഇനങ്ങള്‍ക്കാണ് വില കൂടിയിട്ടുള്ളത്.
ആന്ധ്രയിലെ ഈസ്റ്റ് വെസ്റ്റ് ഗോദാവരിയില്‍ നിന്നാണ് കേരളത്തിലേക്ക് അരി എത്തുന്നത്. കര്‍ഷകരില്‍നിന്ന് സംഭരിച്ച നെല്ല് പ്രധാനമായും രണ്ട് പ്രമുഖ മില്ലുകള്‍ സ്റ്റോക്ക് ചെയ്തതോടെയാണ് കേരളത്തിലേക്ക് അരി അയക്കുന്നത് കുറഞ്ഞത്. ഇവര്‍ വന്‍ തോതില്‍ അരി പൂഴ്‌ത്തിവച്ചിരിക്കുകയാണ്.
അരി കയറ്റുന്നതില്‍ മനപൂര്‍വം കാലതാമസം വരുത്തി ഓണം ആകുമ്പോഴേക്കും പത്ത് രൂപയ്‌ക്ക് അടുത്തുള്ള ഒരു വര്‍ദ്ധനയാണ് ഇവര്‍ ലക്ഷ്യമാക്കുന്നത്. സംഭരിച്ച അരി അളവ് കുറച്ചു കേരളത്തിലേക്ക് അയക്കുകയായിരുന്നു ഒരു മാസമായി ആന്ധ്ര ലോബി ചെയ്‌തിരുന്നത്. അരിയുടെ ലഭ്യത കുറഞ്ഞെന്ന് പറഞ്ഞായിരുന്നു ഇത്. ഈ മാസം അരിയുടെ വരവ് തന്നെ നിലച്ച അവസ്ഥയിലുമാണ്. കുത്തക മില്ലുകള്‍ വില നിശ്ചയിക്കുന്ന സ്ഥിതിയുണ്ടായതോടെ വില കുറേശെയായി സംസ്ഥാനത്ത് ഉയരുകയാണ്.