‘രാജ്യത്തിന്റെ ബിഗ് ബോസാണെന്ന് വിചാരം വേണ്ട’; മോദിയെ കടന്നാക്രമിച്ച് മമത
ചൊവ്വ, 5 ഫെബ്രുവരി 2019 (12:05 IST)
രാജ്യത്തിന്റെ ബിഗ് ബോസ് താനാണെന്ന് ധരിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ജനാധിപത്യമാണ് രാജ്യത്തെ ബിഗ് ബോസെന്ന് മോദി മനസിലാക്കണം. ഭാവി പരിപാടി പ്രതിപക്ഷ കക്ഷികളുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മമത പറഞ്ഞു.
താന്‍ സംസാരിക്കുന്നത് രാജീവ് കുമാറിന് വേണ്ടി മാത്രമല്ല. രാജ്യത്തെ കോടിക്കണക്കായ ആളുകൾക്കു വേണ്ടിയാണ്. സുപ്രീംകോടതിയില്‍ നിന്നുമുണ്ടായ ഇന്നത്തെ ജയം പശ്ചിമ ബംഗാളിന്റേത് മാത്രമല്ല രാജ്യത്തിന്റേത് കൂടിയാണെന്നും മമത വ്യക്തമാക്കി.
സുപ്രീംകോടതിയിലെ വിജയം ജനാധിപത്യത്തിന്റേതാണ്. എതിര്‍ ശബ്ദം ഉയര്‍ത്തുന്നവര്‍ക്കെതിരെ സിബിഐയെ ഉപയോഗിച്ച് നിയന്ത്രിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഈ സമീപനത്തിന് എതിരെയാണ് കോടതി സംസാരിച്ചത്. പരസ്‌പര ബഹുമാനമാണ് കേന്ദ്രത്തിന് വേണ്ടതെന്നും ബംഗാള്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സിബിഐക്ക് മുന്നിൽ ഹാജരാകില്ലെന്ന് രാജീവ് കുമാര്‍ പറഞ്ഞിട്ടില്ല. സുപ്രീംകോടതി നിരീക്ഷിച്ച കാര്യങ്ങൾ തന്നെയാണ് ആവശ്യപ്പെട്ടത്. സര്‍ക്കാരും സിബിഐയും സഹകരിക്കണമെന്നാണ് സുപ്രീംകോടതി പറഞ്ഞതെന്നും മമത വ്യക്തമാക്കി.