റിസര്‍വ് ബാങ്കിന്റെ വായ്പാനയം ഇന്ന് പ്രഖ്യാപിക്കും. നാണ്യപ്പെരുപ്പത്തില്‍ കഴിഞ്ഞ രണ്ട് മാസമായി കാണപ്പെടുന്ന പുതിയ ട്രെന്‍ഡ് അടിസ്ഥാനമാക്കിയാല്‍ പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെയുള്ള വായ്പാനയം ആയിരിക്കും റിസര്‍വ് ബാങ്ക് പ്രഖ്യാപിക്കുകയെന്നാണ് റിപ്പോര്‍ട്ട്. മൂന്നാം ഉപപാദ വായ്പാനയത്തില്‍ റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ കാല്‍ ശതമാനം കുറച്ചിരുന്നു.
5.4 ശതമാനമാണ് ഇപ്പോള്‍ ചില്ലറവില നാണ്യപ്പെരുപ്പം. ഗ്രാമീണ മേഖലകളില്‍ നാണ്യപ്പെരുപ്പം 4.55 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതാണ് പലിശ നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാന്‍ ആര്‍ബിഐയെ പ്രേരിപ്പിക്കുന്നത്.
കഴിഞ്ഞ മാസം കാല്‍ശതമാനം പലിശ നിരക്കുകള്‍ കുറച്ച ശേഷം ഇപ്പോള്‍ റിപ്പോ നിരക്കുകള്‍ 7.25 ശതമാനമാണ്. കരുതല്‍ ധനാനുപാതവും എസ്എല്‍ആറും യഥാക്രമം നാല് ശതമാനവും 21.5 ശതമാനവുമായി മാറ്റമില്ലാതെ തുടരുകയാണ്.
പുതിയ ഫിനാഷ്യല്‍ കോഡ് പ്രാബല്യത്തിലെത്തിയാല്‍, റിസര്‍വ് ബാങ്ക്ഗവര്‍ണറുടെ വീറ്റോ വോട്ടോടു കൂടിയ അവസാനത്തെ പണനയ അവലോകന യോഗമായിരിക്കും ഇന്നത്തേത്. പണനയങ്ങളേക്കാള്‍, റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ വീറ്റോ അധികാരത്തോടെയുള്ള അവസാന പണനയ അവലോകന യോഗം എന്ന നിലയിലായിരിക്കും റിസര്‍വ്വ് ബാങ്കിന്റെ ഇത്തവണത്തെ ദ്വൈ മാസ പണനയ അവലോകന യോഗം ശ്രദ്ധിക്കപ്പെടുക.
ധനമന്ത്രാലയം നിര്‍ദേശിക്കുന്ന 4 പേരും രണ്ട് ആര്‍ബിഐ ഉദ്യോഗസ്ഥരും റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും അടങ്ങുന്ന പണനയസമിതി പലിശ നിരക്കുകള്‍ സംബന്ധിച്ച തീരുമാനമെടുക്കണമെന്നാണ് പുതിയ ഫിനാന്‍ഷ്യല്‍ കോഡിലെ ശുപാര്‍ശ. പണനയങ്ങളില്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറുടെ വീറ്റോ വോട്ട് അവസാനിപ്പിക്കണം എന്നും ശുപാര്‍ശയുണ്ട്.