കാശ്മീരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നാലു പേര്‍ക്ക് വധ ശിക്ഷ. വടക്കന്‍ കശ്മീരില്‍ 2007ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രദേശവാസികളായ സാദിക്ക് മിര്‍, അസ്ഹര്‍ അഹമദ് മിര്‍, പശ്ചിമ ബംഗാള്‍ സ്വദേശി മോചി ജഹാംഗീര്‍, രാജസ്ഥാന്‍കാരനായ സുരേഷ് കുമാര്‍ എന്നിവര്‍ക്കാണ് കുപ്‌വാര ജില്ലാ കോടതി വധശിക്ഷ വിധിച്ചത്.
സ്‌കൂളില്‍ നിന്ന് മടങ്ങി വരികയായിരുന്ന പതിമൂന്ന് വയസ്സുകാരിയായ പെണ്‍കുട്ടിയെ ഇവര്‍ തട്ടിക്കൊണ്ടു പോകുകയും കൂട്ട ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തുകയും ചെയ്തു എന്നതായിരുന്നു കേസ്. പിന്നീട് പെണ്‍കുട്ടിയുടെ മൃതശരീരം തലയറുത്തു മാറ്റപ്പെട്ട നിലയിലാണ് ഒരു തോട്ടത്തില്‍ നിന്ന് കണ്ടെത്തിയത്. ബലാല്‍സംഗത്തിനു ശേഷം കുട്ടിയെ ഇവര്‍ തലയറുത്തുമാറ്റുകയായിരുന്നു.
സംഭവത്തില്‍ കശ്മീരില്‍ വലിയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയിരുന്നു. 86 സാക്ഷികളെയാണ് ഈ കേസില്‍ കോടതി വിസ്തരിച്ചത്. പ്രതികള്‍ കുറ്റക്കാരാണെന്ന് കഴിഞ്ഞയാഴ്ച കോടതി കണ്ടെത്തിയിരുന്നു. 2007 മുതല്‍ പ്രതികളെല്ലാവരും ജയിലിലാണ് കഴിഞ്ഞിരുന്നത്.