രാമക്ഷേത്ര നിര്‍മ്മാണം; സുപ്രധാന യോഗം ഇന്ന്

Webdunia
ചൊവ്വ, 16 ജൂണ്‍ 2015 (14:02 IST)
അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ വിഷയം വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സംഘപൊഅരിവാര്‍ നീക്കം ശക്തമായിരിക്കെ ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വിലയിരുത്താൻ രാമജന്മഭൂമി ന്യാസിന്‍റെ സുപ്രധാനയോഗം ഇന്ന് അയോധ്യയിൽ ചേരും. ഹരിദ്വാറിൽ കഴിഞ്ഞ മാസം നടന്ന വിശ്വഹിന്ദുപരിഷത്തിന്റെ കേന്ദ്രീയ മാർഗ്ഗദർശ്ശക് മണ്ഡലിന് തുടർച്ചയായാണ് യോഗം.

മണിറാംദാസ് ചവാനി ക്ഷേത്രത്തിലാണ് യോഗം നടക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സന്യാസിമാർ ഉൾപ്പടെയുള്ള പ്രമുഖരായ നേതാക്കള്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് വിവരം. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തുന്നതടക്കമുള്ള സമ്മര്‍ദ്ദംകേന്ദ്രസര്‍ക്കാരില്‍ ചെലുത്താനാവശ്യമായ തീരുമാനങ്ങള്‍ യോഗത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.

വിഷയത്തില്‍ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ അലംഭാവം വിശ്വ ഹിന്ദുപരിഷതിനെ ചൊടിപ്പിച്ചിരുന്നു. അതിനു പിന്നാലെ പല മന്ത്രിമാരും ക്ഷേത്ര നിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലില്ല എന്ന തരത്തില്‍ പ്രസ്താവനകള്‍ ഇറക്കിയിരുന്നു. ഇതും യോഗത്തില്‍ ചര്‍ച്ചയായേക്കും. ഏതായാലും ഒരിടക്കാലത്തിനു ശേഷം അയോധ്യാ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാനാണ് വി‌എച്പിയുടെ തീരുമാനം.