പുതിയൊരു ഇന്ത്യയെ സൃഷ്ടിച്ചെടുക്കുക എന്നത് നമ്മുടെ ലക്ഷ്യം: രാഷ്ട്രപതി

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (21:23 IST)
ചരക്ക് സേവന നികുതി (ജിഎസ്ടി) രാജ്യത്ത് വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. 2022ൽ 'പുതിയ ഇന്ത്യ' എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകണമെന്നും സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെ രാഷ്ട്രപതി പറഞ്ഞു.

പുതിയ ഇന്ത്യ എന്ന ആശയം സമൂഹത്തിന്റെ അവിഭാജ്യ ഘടകമാക്കണം. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തില്‍ എല്ലാവരുടേയും പിന്തുണ അനിവാര്യമാണ്. പുതിയൊരു ഇന്ത്യയെ സൃഷ്ടിച്ചെടുക്കുക എന്നത് നമ്മുടെയെല്ലാം ലക്ഷ്യമാണ്. അവിടെ ദാരിദ്രം എന്നൊരു അവസ്ഥയുണ്ടാവാന്‍ പാടില്ലെന്നും രാഷ്ട്രപതി വ്യക്തമാക്കി.

സഹകരണവും പങ്കിടലും തിരികെ കൊണ്ടുവരണം. ഇത് സമൂഹത്തെ ആകമാനം സന്തോഷിപ്പിക്കും. എണ്ണിയാലൊടുങ്ങാത്ത സമരസേനാനികളുടെ പോരാട്ടത്തിന്റെയും ജീവത്യാഗത്തിന്റെയും ഫലമാണ് നാം ഇന്ന് അനുഭവിക്കുന്ന സ്വാതന്ത്ര്യം. സ്വാതന്ത്ര്യസമരസേനാനികളുടെ ത്യാഗത്തെ നമ്മൾ മറക്കരുത്. സര്‍ക്കാരിന് നിയമങ്ങള്‍ ഉണ്ടാക്കാനും ശക്തിപ്പെടുത്താനും മാത്രമേ സാധിക്കൂ. അത് പാലിക്കേണ്ട ചുമതല ഓരോ പൗരനുമുണ്ടെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.
Next Article