ശ്വാസം എടുക്കുന്നത്‌ മതത്തിന്‌ വെല്ലു വിളിയാണെങ്കില്‍ ആ മതം ഉപേക്ഷിക്കണം: രാംദേവ്

Webdunia
ശനി, 20 ജൂണ്‍ 2015 (14:38 IST)
രാജ്യന്തര യോഗ ദിനത്തിനും സൂര്യനമസ്‌കാരത്തിനും എതിരെ ഉയരുന്ന വിവാദങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി യോഗാ ഗുരു ബാബാ രാംദേവ് രംഗത്തെത്തി. ശ്വാസം എടുക്കുന്നത്‌ മതത്തിന്‌ വെല്ലു വിളിയാണെങ്കില്‍ ആ മതം ഉപേക്ഷിക്കണമെന്നാണ് രാം ദേവ് പറഞ്ഞിരിക്കുന്നത്. ശ്വാസം ഉളളിലേക്ക്‌ എടുക്കുകയും പുറത്തേക്കുവിടുകയും ചെയ്യുന്നത്‌ മതത്തിന്‌ വെല്ലു വിളിയാകുന്നത്‌ എങ്ങനെയെന്ന്‌ ചോദിച്ച രാംദേവ്‌ യോഗയെന്നു പറഞ്ഞാല്‍ ചില പ്രത്യേക താളത്തില്‍ ശ്വാസോച്‌ഛ്വാസം നടത്തുന്നതാണെന്നും പറഞ്ഞു.

യോഗ വെല്ലുവിളിയുയര്‍ത്താന്‍ തക്കവണ്ണം ദുര്‍ബലമാണ്‌ നിങ്ങളുടെ മതമെന്ന്‌ ചിന്തിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും ആ മതം ഉപേക്ഷിക്കണം. കാരണം അത്ര ദുര്‍ബലമായ മതത്തില്‍ തുടരുന്നതുകൊണ്ട്‌ പ്രത്യേകിച്ച്‌ കാര്യമൊന്നുമില്ലെ. ശരീരവും മനസ്സും ഏകോപിപ്പിക്കുന്നതിനുളള കായികാഭ്യാസമാണ്‌ യോഗ. ഏകാഗ്രത വര്‍ധിപ്പിക്കാന്‍ കഴിയുന്ന എന്തും യോഗയാണ്‌. ചിലര്‍ അനാവശ്യമായ പ്രചാരണങ്ങള്‍ നടത്തുകയാണ്‌. എന്നെ സംബന്ധിച്ചിടത്തോളം ദൈവമാണ്‌ എല്ലാവരും, എല്ലാവരിലും ദൈവമുണ്ട്‌ - രാംദേവ്‌ പറഞ്ഞു.