യോഗ ദിനാചരണത്തിലൂടെ ആഗോള പരിവേഷം നേടിയെടുത്തതിനു പിന്നാലെ രാജ്യവ്യാപകമായി രക്ഷാബന്ധന്‍ ദിനാചരണം നടത്താന്‍ മോഡിസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന കാബിനറ്റ് യോഗം രക്ഷാബന്ധന്‍ വിഷയം ചര്‍ച്ച ചെയ്തതായാണ് റിപ്പോർട്ട്.
സാഹോദര്യത്തിന്‍റെ ആഘോഷമെന്ന് വിളിക്കപ്പെടുന്ന രക്ഷാബന്ധന്‍ രാജ്യവ്യാപകമായി ആഘോഷിക്കുന്നതിലൂടെ ഹിന്ദുസംസ്ക്കാരം സംരക്ഷിക്കാനും സമ്പന്നമാക്കാനും കഴിയുമെന്നാണ് കഴിഞ്ഞ വര്‍ഷത്തെ രക്ഷാബന്ധന്‍ ആഘോഷത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞത്. ആര്‍എസ്എസ് നേതാവിന്റെ ഈ ആശയമാണ് മോഡി നടപ്പിലാക്കാന്‍ ശ്രമില്‍ക്കുന്നത്.
നിലവിൽ ഒരു വിഭാഗം മാത്രം ആചരിച്ചുവരുന്ന രക്ഷാബന്ധന്‍ രാജ്യവ്യാപകമായി ആഘോഷിക്കാനാണ് നീക്കം നടത്തുന്നത്. ഓഗസ്റ്റ് 29 നാണ് ഈ വര്‍ഷത്തെ രക്ഷാബന്ധന്‍ ദിനം. ഈ ദിവസം രാജ്യവ്യാപകമായി കേന്ദ്രസര്‍ക്കാര്‍ പരിപാടികള്‍ സംഘടിപ്പിക്കും യോഗാദിനത്തിനു സമാനമായി രാജ്യത്ത് എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രമന്ത്രിമാര്‍ ആഘോഷപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നാണ് വിവരം.
സംഘപരിവാര്‍ അജണ്ടകളാണ് നരേന്ദ്ര മോഡി സർക്കാർ നടപ്പാക്കുന്നതെന്ന രൂക്ഷ വിമര്‍ശനങ്ങള്‍ക്കിടെയാണ് രക്ഷാബന്ധനും ആഘോഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. ആഘോഷങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, അനന്ത് കുമാര്‍ എന്നിവരുള്‍പ്പെട്ട നാലംഗ സമിതിയ്ക്ക് പ്രധാനമന്ത്രി രൂപം നല്‍കിക്കഴിഞ്ഞു.