തീവ്രവാദത്തിന് മതവും ജാതിയും ഇല്ലെന്ന് രാജ്‌നാഥ് സിംഗ്

Webdunia
വെള്ളി, 31 ജൂലൈ 2015 (20:12 IST)
തീവ്രവാദത്തിന് മതവും ജാതിയും ഇല്ലെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ഹിന്ദു തീവ്രവാദം എന്ന പ്രയോഗം ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ നിലപാടിനെ ദുര്‍ബ്ബലപ്പെടുത്തിയതായും രാജ്‌നാഥ് സിംഗ് ലോക്‌സഭയില്‍ നടത്തിയ പ്രസ്താവനയില്‍ പറഞ്ഞു.

തീവ്രവാദത്തിനെതിരായ പോരാട്ടം വലിയ വെല്ലുവിളിയാണ്. ഇക്കാര്യത്തില്‍ രാജ്യം രണ്ട് തട്ടിലാകരുതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. ഹിന്ദു തീവ്രവാദികള്‍ എന്ന പദം പാകിസ്ഥാന്‍ പ്രശംസിച്ചതാണെന്നും എന്നാല്‍ യഥാര്‍ഥത്തില്‍ ഭാരതത്തിന്റെ നിലപാടിന് തിരിച്ചടിയാണ് അത് നല്‍കിയതെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു

തീവ്രവാദത്തിനെതിരേ പോരാടാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. അതിര്‍ത്തി കടന്നുളള തീവ്രവാദപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് പാര്‍ലമെന്റിന് ഉറപ്പു നല്‍കുന്നതായും രാജ്‌നാഥ് സിംഗ് പറഞ്ഞു. തീവ്രവാദികളെ തുരത്തിയ പഞ്ചാബ് പോലീസിനെ രാജ്‌നാഥ് സിംഗ് അഭിനന്ദിച്ചു.   കോണ്‍ഗ്രസ് തുടര്‍ച്ചയായി പാര്‍ലമെന്റ് തടസപ്പെടുത്തുന്ന കോണ്‍ഗ്രസിന്റെ നിലപാടിനെ അദ്ദേഹം വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തി നിര്‍ഭാഗ്യകരമാണെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.