വടക്കേ ഇന്ത്യയില്‍ കനത്ത മഴ; ജാഗ്രതാ നിർദേശം നൽകി

Webdunia
ശനി, 11 ജൂലൈ 2015 (13:20 IST)
രണ്ടു ദിവസമായി വടക്കേ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ പെയ്യുന്ന കനത്ത മഴയിൽ പരക്കെ നാശനഷ്ടങ്ങൾ. ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കി. ആകെ 90 മില്ലീമീറ്റർ മഴയാണ് ഇന്നലെ വൈകുന്നേരം ഡൽഹിയിൽ പെയ്തത്.

മഴ ശക്തമായതോടെ നാശനഷ്ടങ്ങൾ വര്‍ദ്ധിച്ചിരിക്കുകയാണ്. ഗതാഗതമാര്‍ഗങ്ങളെ കനത്ത മഴ ബാധിക്കുകയും ചെയ്‌തു. ഉത്തരാഖണ്ഡിൽ കഴിഞ്ഞ രണ്ടുദിവസമായി കനത്ത മഴയാണ്. മാഡ്കോട്ടിലും പൗരിയിലും ധർചുലയിലും കാപ്പ്കോട്ടിലുമുണ്ടായ മണ്ണിടിച്ചിലിലും നാലു പേർ കൊല്ലപ്പെട്ടു.

ഗംഗാനദി ഹരിദ്വാറിൽ അപകടകരമാം വിധം കവിഞ്ഞൊഴുകുകയാണെന്നും ഉത്തർപ്രദേശിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. റാംഗംഗ, നന്ദൂർ, കൈലാഷ്, കാളി ഷർദ, കോസി, ഗൗല എന്നീ നദികളിലും ജലനിരപ്പ് ഉയരുന്നുണ്ട്.