തത്കാല്‍ ‍- റിസര്‍വേഷന്‍ യാത്രാടിക്കറ്റുകള്‍ ഇനി സ്വകാര്യ കൌണ്ടറുകള്‍ വഴിയും

Webdunia
വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (14:01 IST)
റയില്‍‌വേ ടിക്കറ്റുകള്‍ ഇനി സ്വകാര്യ കൌണ്ടറുകള്‍ വഴിയും ബുക്ക് ചെയ്യാന്‍ സാധിക്കും. ഇതു സംബന്ധിച്ച നടപടികള്‍ റയില്‍‌വകുപ്പ് പൂര്‍ത്തിയാക്കി. യാത്രി ടിക്കറ്റ് സുവിധാകേന്ദ്ര (വൈടിഎസ്കെ) പദ്ധതി പ്രകാരമാണ് ടിക്കറ്റ് വില്പന സ്വകാര്യമേഖലയ്ക്ക് നല്‍കിയിട്ടുള്ളത്.

ഇത്തരം കൌണ്ടരുകള്‍ വഴി എടുക്കുന്ന സാധാരണ ടിക്കറ്റുകള്‍ക്ക് ഒരുരൂപ സര്‍വീസ് ചാര്‍ജ് ഇനത്തില്‍ അധികമായി യാത്രക്കാരില്‍നിന്ന് ഈടാക്കാം. രണ്ടാംക്ലാസ്, സ്ലീപ്പര്‍ റിസര്‍വേഷന്‍ ടിക്കറ്റുകള്‍ക്ക് മുപ്പതും ഉയര്‍ന്ന ക്ലാസുകളിലേതിന് നാല്‍പ്പതും രൂപ സര്‍വീസ് ചാര്‍ജിനത്തില്‍ ഈടാക്കാം. സര്‍വീസ് ചാര്‍ജിന്റെ 25 ശതമാനം റെയില്‍വേയ്ക്ക് നല്‍കണമെന്ന നിര്‍ദേശവും വ്യവസ്ഥകളിലുണ്ട്.

അഞ്ചുവര്‍ഷമായി റെയില്‍വേയുടെ അംഗീകൃത ടിക്കറ്റ് വിതരണ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്നവര്‍ക്കാണ് കൗണ്ടര്‍ അനുവദിക്കുക.  കേരളത്തില്‍ പാലക്കാട് ഡിവിഷനുകീഴിലുള്ള കുറ്റിപ്പുറം, തിരൂര്‍ എന്നിവിടങ്ങളില്‍ ഒന്നും കോഴിക്കോട്ട് രണ്ടും കൗണ്ടറുകളാണ് അനുവദിച്ചിട്ടുള്ളത്. ഈ നാല് കൗണ്ടറുകള്‍വഴി ഈ മാസം അവസാനത്തോടെ ടിക്കറ്റ് വില്‍പ്പന ആരംഭിക്കും.

അതേസമയം ലൈസന്‍സ് എടുക്കുന്നവര്‍ക്ക് ഭീമമായ സാമ്പത്തികച്ചെലവ് വരുന്ന പദ്ധതിയാണ് റെയില്‍വേ മുന്നോട്ടുവെച്ചിട്ടുള്ളത്. ലൈസന്‍സ് ലഭിക്കുന്നതിന് അഞ്ചുലക്ഷം രൂപ രജിസ്‌ട്രേഷന്‍ ഫീസായി നല്‍കണം. ലൈസന്‍സിന്റെ കാലാവധി മൂന്നുവര്‍ഷമാണ്. വര്‍ഷംതോറും 5000 രൂപ അടച്ച് ലൈസന്‍സ് പുതുക്കണമെന്നും വ്യവസ്ഥയുണ്ട്. കൂടാതെ രണ്ടുലക്ഷം രൂപയുടെ ബാങ്ക് ഗ്യാരന്റി വേറെയും നല്‍കണം.

അഞ്ചുലക്ഷം രൂപ റെയില്‍വേയില്‍ അടച്ചാല്‍ 4.5 ലക്ഷം രൂപയ്ക്കുവരെയുള്ള ടിക്കറ്റുകള്‍ ദിവസേന വില്പന നടത്താം. ഈ തുക മുന്‍കൂറായി നല്‍കിയാല്‍ മാത്രമേ ടിക്കറ്റുകള്‍ വിതരണംചെയ്യാന്‍ കഴിയുകയുള്ളൂ. കൂടാതെ സിസ്റ്റം ആക്‌സസ് ചാര്‍ജിനത്തില്‍ 1.65 ലക്ഷം രൂപ വര്‍ഷംതോറും നല്‍കണം. ചുരുക്കം പറഞ്ഞാല്‍ ടിക്കറ്റ് ഏജന്‍സികളേക്കൊണ്ട് ബുക്ക് ചെയ്യിക്കുന്ന അതേ അവസ്ഥ തന്നെ . എന്നാല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്ത് കിട്ടാനുള്ള കാലതാമസം ഒഴിവാകുമെന്നതു മാത്രമാണ് മെച്ചം.

സ്വകാര്യ കൗണ്ടറുകളില്‍നിന്നുള്ള തത്കാല്‍ ടിക്കറ്റുകളുടെ ബുക്കിങ് 10.30 മുതലും എ.സി. ക്ലാസുകളിലേത് 11 മണി മുതലുമാണ് ആരംഭിക്കുക. സാധാരണദിവസങ്ങളില്‍ രാവിലെ 8.30 മുതല്‍ രാത്രി പത്തുവരെയും അവധിദിവസങ്ങളില്‍ രാവിലെ എട്ടുമുതല്‍ രാത്രി 8.30 വരെയുമാണ് ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കേണ്ടത്. റെയില്‍വേയുടെ പാസഞ്ചര്‍ റിസര്‍വേഷന്‍ സിസ്റ്റം (പി.ആര്‍.എസ്.), അണ്‍ റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം (യു.ടി.എസ്) ടെര്‍മിനലുകളുടെ ഡാറ്റാചാനലുകളാണ് സ്വകാര്യ കൗണ്ടറുകളില്‍ ലഭ്യമാവുക. ആവശ്യമായ ടിക്കറ്റ് റോളുകള്‍ മാത്രമാണ് റെയില്‍വേ സൗജന്യമായി നല്‍കുക. റെയില്‍വേയുടെ പ്രത്യേക അനുമതിയില്ലാതെ കൗണ്ടര്‍ മറ്റൊരിടത്തേക്കു മാറ്റാനാകില്ല.