യാത്രാനിരക്കില്‍ വര്‍ദ്ധനയുണ്ടാകില്ല; കേരളത്തിന് മൂന്ന് ട്രെയിനുകള്‍!

Webdunia
വ്യാഴം, 26 ഫെബ്രുവരി 2015 (11:01 IST)
നരേന്ദ്ര മോഡി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ്ണ റയില്‍വേ ബജറ്റ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ യാത്രാ നിരക്കില്‍ വര്‍ദ്ധന വരുത്തില്ലെന്ന് റിപ്പോര്‍ട്ട്. കേരളത്തിന് മൂന്ന് ട്രെയിനുകള്‍ ലഭിക്കുമെന്നാണ് അറിയുന്നത്.

ബജറ്റില്‍ അടിസ്ഥാന സൌകര്യ വികസനത്തിന് മുന്‍ഗണന നല്കുമെന്നാണ് സൂചനകള്‍. കൂടാതെ കഴിഞ്ഞവര്‍ഷം റയില്‍വെ യാത്രാക്കൂലി കുത്തനെ ഉയര്‍ത്തിയ സാഹചര്യത്തില്‍ ഇത്തവണ നിരക്ക് വര്‍ധനക്കിടയില്ലെന്നാണ് അറിയുന്നത്. 'മേക്ക് ഇന്‍ ഇന്ത്യ'ക്ക് ഊന്നല്‍ നല്‍കിയുള്ള നിര്‍മാണ നിര്‍ദേശങ്ങളും പ്രതീക്ഷിക്കുന്നുണ്ട്.
റെയില്‍വേയെ ആധുനികീകരിക്കാന്‍ സ്വകാര്യനിക്ഷേപം ആകര്‍ഷിക്കുന്നതിനു ലക്‌ഷ്യമിട്ടുള്ള ശുപാര്‍ശകളും ബജറ്റിലുണ്ടാകും.എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ റെയില്‍വേ ബജറ്റില്‍ യാത്രാനിരക്ക് 14.2 ശതമാനവും ചരക്കുകൂലി ആറര ശതമാനവും ഉയര്‍ത്തിയിരുന്നു. പത്തുകൊല്ലത്തെ ഇടവേളയ്ക്കു ശേഷമായിരുന്നു നിരക്കുകള്‍ കൂട്ടിയത്.

ചൈന, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ വിദേശരാജ്യങ്ങളുടെ പങ്കാളിത്തത്തോടെ വികസനപദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ചും ബജറ്റില്‍ നിര്‍ദ്ദേശമുണ്ടാകും. പാത ഇരട്ടിപ്പില്‍, വൈദ്യുതീകരണം, പൊതു സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കല്‍ എന്നീ കാര്യങ്ങളിലാകും കൂടുതല്‍ ശ്രദ്ധച്ചെലുത്തുക. ചരക്കിടനാഴി, അതിവേഗ ട്രെയിന്‍ സര്‍വ്വീസുകള്‍, റയില്‍ സുരക്ഷക്കുള്ള അടിസ്ഥാന സൌകര്യം തുടങ്ങിയ മേഖലകളില്‍ വിദേശ വായ്പ സ്വീകരിക്കാനാണ് റയില്‍വേ മന്ത്രി ആലോചിക്കുന്നത്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.