പുനെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിട്യൂട് ഓഫ് ഇന്ത്യ (എഫ്ടിഐഐ) യുടെ തലവനായി ഗജേന്ദ്ര ചൌഹാന്‍ ചുമതലയേലേറ്റതില്‍ പ്രതിഷേധിച്ച് സ്റ്റുഡന്‍റ്സ് ഫെഡറേഷന്‍ അസോസിയേഷന്‍ നടത്തിയ പ്രതിഷേധത്തിനെതിരെ പൊലീസ് ലാത്തി വീശി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഗേറ്റിന് മുന്നിൽ പ്രതിഷേധിച്ച വിദ്യാർഥികളും പൊലീസും തമ്മിൽ ഏറ്റുമുട്ടി. നാല് മലയാളി വിദ്യാർഥികളടക്കം 30 വിദ്യാര്‍ഥികളെ പൊലീസ് കസ്‌റ്റഡിയില്‍ എടുത്തു.
ഗജേന്ദ്ര ചൌഹാന്‍ ഇന്നെത്തുമെന്നതിനാല്‍ ശക്തമായ പ്രതിഷേധത്തിനാണ് വിദ്യാര്‍ഥികള്‍ തയാറായിരുന്നത്. എന്നാല്‍,
പ്രകോപനം സൃഷ്ടിക്കുന്ന നടപടികളാണ് വ്യാഴാഴ്ച മുതൽ പൊലീസ് നടത്തിയിരുന്നത്. വിദ്യാർഥികൾ ക്യാമ്പസിൽ പതിപ്പിച്ച പോസ്റ്ററുകൾ പൊലിസ് നീക്കം ചെയ്തു. ഇതേതുടർന്ന് ചൗഹാനെതിരെ വീണ്ടും സമരക്കാർ പോസ്റ്ററുകൾ പതിച്ചതോടെ പൊലീസും വിദ്യാര്‍ഥികളും നേര്‍ക്കുനേര്‍ എത്തുകയായിരുന്നു.
സമരനേതാക്കളിലൊരാളായ അജയൻ അടാട്ടിനയടക്കം പൊലീസ് തല്ലിച്ചതയ്‌ക്കുകയായിരുന്നു. ശക്തമായ ലാത്തിച്ചാര്‍ജില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്‌തു. പൊലീസ് അതിക്രമം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പൊലീസ് ലാത്തി വീശി.
ഇന്ന് ചുമതലയേറ്റ ഗജേന്ദ്ര ചൗഹാന്റെ അദ്ധ്യക്ഷതയിൽ ഗവേണിംഗ് കൗൺസിൽ യോഗം ചേരും. 2015 ജൂൺ 9നാണ് ഗജേന്ദ്ര ചൗഹാനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി കേന്ദ്രസർക്കാർ നിയമിച്ചത്. മഹാഭാരതം അടക്കമുള്ള സീരിയലുകളിലും ഏതാനും ബി ഗ്രേഡ് ചിത്രങ്ങളിലും മാത്രം അഭിനയിച്ചിട്ടുള്ള ബിജെപി അംഗമായ ഗജേന്ദ്ര ചൗഹാനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി നിയമിയ്ക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനം രാജ്യവ്യാപകമായി പ്രതിഷേധമുയർത്തിയിരുന്നു. ജൂണ്‍ 12ന് തുടങ്ങിയ സമരം 139 ദിവസം നീണ്ടുനിന്നു. 11 തവണ ചർച്ച നടത്തിയെങ്കിലും വിദ്യാർഥികളുടെ ആവശ്യം അംഗീകരിക്കാൻ കേന്ദ്രസർക്കാർ തയാറായില്ല.
അതേസമയം, സര്‍ക്കാരില്‍ നിന്ന് ഉത്തരവ് ലഭിച്ചെന്നും തനിക്ക് ലഭിച്ച ജോലി ചെയ്യുമെന്നും ഗജേന്ദ്ര ചൌഹാന്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ എന്തു ചെയ്യുമെന്ന് അറിയില്ല. പക്ഷേ, ജോലി ചെയ്യാന്‍ തയ്യാറാണെന്നും ഗജേന്ദ്ര ചൌഹാന്‍ വ്യക്തമാക്കി.
ചെയര്‍മാന്‍ സ്ഥാനത്തു നിയമിതനായ ശേഷം ഏഴു മാസങ്ങള്‍ കഴിഞ്ഞാണ് ഗജേന്ദ്ര ചൌഹാന്‍ സ്ഥാനം ഏറ്റെടുക്കുന്നത്. 59 വയസ്സുകാരനായ ചൌഹാന്‍ നടനും ബി ജെ പി അംഗവുമാണ്.