ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടും; സൈന്യത്തിന് പൂര്‍ണ പിന്തുണയെന്ന് സർവകക്ഷി യോഗം

Webdunia
ശനി, 16 ഫെബ്രുവരി 2019 (20:16 IST)
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ചേര്‍ന്ന രാഷ്‌ട്രീയ പാര്‍ട്ടികളുടെ സർവകക്ഷി  യോഗത്തില്‍ ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടാൻ ധാരണയായി. സൈനിക ഉദ്യോഗസ്ഥർക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രമേയം പാസാക്കി.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ പുൽവാമയില്‍ ഭീകരാക്രമണത്തിൽ 40 ജവാന്മാർ വീരമൃത്യു വരിച്ച സംഭവത്തെ യോഗം ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിക്കുമെന്നും പ്രമേയത്തിൽ പറഞ്ഞു.

പ്രമേയത്തില്‍ പാകിസ്ഥാന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അയല്‍രാജ്യത്തെ ശക്തികളാണ് ആക്രമണത്തിന്റെ പിന്നിലെന്ന് വ്യക്തമാക്കുന്നുണ്ട്. പുൽവാമ ഭീകരാക്രമണത്തെ തുടർന്നു സർക്കാർ സ്വീകരിച്ച നടപടികളെ കുറിച്ച് യോഗത്തിൽ വിശദീകരിച്ചതായി ആഭ്യന്തര മന്ത്രാലത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്,  ആനന്ദ് ശര്‍മ, ജ്യോതിരാദിത്യ സിന്ധ്യ എന്നിവരും തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ സുദീപ് ബന്ധോപാധ്യായ, ഡെറക് ഒബ്രയാന്‍, എന്നിവരും സഞ്ജയ് റാവുത് (ശിവസേന), ഡി,രാജ (സി.പി.ഐ), ഫാറൂഖ് അബ്ദുള്ള (നാഷണല്‍ കോണ്‍ഫറന്‍സ്), രാംവിലാസ് പാസ്വാന്‍ (എല്‍ജെപി), പികെ കുഞ്ഞാലിക്കുട്ടി (മുസ്ലീം ലീഗ്) തുടങ്ങിയവരും പങ്കെടുത്തു.

അനുബന്ധ വാര്‍ത്തകള്‍

Next Article