രോഹിത് വെമുലയുടെ നീതിയ്ക്കായി പോരാടിയ രജിനി! ഇനി അവന്റെ നീതിയ്ക്കായി മറ്റൊരാൾ?

ചൊവ്വ, 14 മാര്‍ച്ച് 2017 (08:57 IST)
ആത്മഹത്യ ചെയ്ത ജെഎന്‍യു ദളിത് വിദ്യാര്‍ത്ഥി രജിനി ക്രിഷിന്റെ ജന്മനാടായ സേലത്ത് വൻപ്രക്ഷോഭം. മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് രജിനി ക്രിഷിന്റെ പിതാവ് ജീവാനന്ദം മാധ്യമങ്ങളോട് പറഞ്ഞു. എന്റെ മകന്‍ ആത്മഹത്യ ചെയ്യാന്‍ തക്ക ഭീരുവല്ലെന്നും ഇന്നലെ വിളിച്ചപ്പോൾ അവൻ ഉടൻ വീട്ടിലെ‌ത്തുമെന്നും പറഞ്ഞിരുന്നുവെന്ന് പിതാവ് പറയുന്നു.
 
രജിനിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കുടുംബാംഗങ്ങൾ പറയുന്നു. ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ എംഫില്‍ വിദ്യാര്‍ത്ഥിയായിരുന്ന രജിനി ക്രിഷിനെ ഞായറാഴ്ച്ച വൈകിട്ട് ന്യൂഡല്‍ഹിലെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. രജിനി ക്രിഷ് ജാതി വിവേചനത്തിന്റെ ഇരയാണെന്ന് ആരോപിച്ച് വിദ്യാര്‍തികള്‍ രംഗത്തെത്തി. 
 
മുന്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥി കൂടിയാണ് രജിനി ക്രിഷ് എന്ന് വിളിക്കപ്പെടുന്ന മുത്തുകൃഷ്ണന്‍. ഹൈദരാബാദ് സര്‍വകലാശാലയില്‍ നേരത്തെ അക്കാദമിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സുഹൃത്തായിരുന്നു. രോഹിത് വെമുലയുടെ മരണത്തിനു ശേഷം ഉയര്‍ന്നു വന്ന 'രോഹിത് വെമുലയ്ക്ക് നീതി' പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.
 

വെബ്ദുനിയ വായിക്കുക