മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി. മുഖ്യമന്ത്രി രാജിവച്ചതിനെത്തുടര്‍ന്ന് ഭരണ പ്രതിസന്ധി നേരിട്ടതാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കാരണം. രാഷ്ട്രപതി ഭരണത്തിന് കേന്ദ്രസര്‍ക്കാരും ഗവര്‍ണറും ഇന്നലെ ശുപാര്‍ശ ചെയ്തിരുന്നു. മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ കഴിഞ്ഞദിവസം രാജിവച്ചതിനെ തുടര്‍ന്നാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അഭാവത്തില്‍ ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ നടന്ന മന്ത്രിസഭാ യോഗമാണ് രാഷ്ട്രപതി ഭരണത്തിനു ശുപാര്‍ശ ചെയ്തത്.
ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു കേന്ദ്രത്തിനു നല്‍കിയ റിപ്പോര്‍ട്ടിലും പ്രസിഡന്റ് ഭരണം ഏര്‍പ്പെടുത്തണമെന്നു ശുപാര്‍ശ ചെയ്തിരുന്നു. എന്‍സിപി സഖ്യം വിട്ടതിനെത്തുടര്‍ന്ന് സര്‍ക്കാര്‍ ന്യൂനപക്ഷമായ സാഹചര്യത്തില്‍ വെള്ളിയാഴ്ചയാണു മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു രാജിക്കത്ത് നല്‍കിയത്. രാജി സ്വീകരിച്ചതായി അറിയിച്ച ഗവര്‍ണര്‍ പകരം ക്രമീകരണമുണ്ടാകും വരെ തുടരാന്‍ ചവാനോടു നിര്‍ദേശിച്ചു.