രാഷ്‌ട്രപതിയുടെ മികവിനുള്ള പുരസ്കാരം ‘രാജ്യദ്രോഹി’കള്‍ പഠിക്കുന്ന ജെ എന്‍ യുവിന്

ചൊവ്വ, 8 മാര്‍ച്ച് 2016 (14:21 IST)
മികവിനുള്ള രാഷ്‌ട്രപതിയുടെ പുരസ്കാരം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയ്ക്ക്. രാജ്യദ്രോഹികളുടെ കേന്ദ്രമെന്ന് ബി ജെ പി മുദ്ര കുത്തിയ ജെ എന്‍ യു രാഷ്‌ട്രപതി ഏര്‍പ്പെടുത്തിയ മൂന്നു അവാര്‍ഡുകളില്‍ രണ്ടെണ്ണമാണ് സ്വന്തമാക്കിയത്.
 
ഇന്നൊവേഷന്‍, ഗവേഷണം എന്നീ മേഖലകളിലെ അവാര്‍ഡാണ് ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയ്ക്ക് ലഭിച്ചത്. കഴിഞ്ഞവര്‍ഷം മുതലാണ് വിദ്യാഭ്യാസരംഗത്തെ മികവിന് കേന്ദ്ര സര്‍വ്വകലാശാലകള്‍ക്ക് നല്കുന്ന ‘വിസിറ്റേഴ്സ്’ പുരസ്കാരം ഏര്‍പ്പെടുത്തിയത്.
 
മികച്ച സര്‍വ്വകലാശാലയ്ക്കുള്ള പുരസ്കാരം  അസമിലുള്ള തെസ്‌പൂര്‍ സര്‍വ്വകലാശാലയ്ക്കാണ്. പത്തോളം സര്‍വ്വകലാശാലകളെ തള്ളിയാണ് ഈ നേട്ടം കൈവരിച്ചത്. ജെ എന്‍ യുവിലെ മോളിക്കുലാര്‍ പാരാസൈറ്റോളജി വിഭാഗം പ്രൊഫസര്‍ രാകേഷ് ഭട്‌നാഗര്‍, അലോക് ഭട്ടാചാര്യ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ഗവേഷണങ്ങളാണ് സര്‍വ്വകലാശാലയ്ക്ക് നേട്ടമായത്.
 
അലോക് ഭട്ടാചാര്യ മലേറിയ അടക്കമുള്ള രോഗങ്ങളെക്കുറിച്ച് പഠനം നടത്തിയപ്പോള്‍ ഭട്‌നാഗറുടെ നേതൃത്വത്തിലുള്ള ഗവേഷകസംഘം ആന്ത്രാക്‌സിനെതിരായ വാക്‌സിനും ആന്റിബോഡിയും വികസിപ്പിച്ചു.

വെബ്ദുനിയ വായിക്കുക