ലോകത്തിലെ ഏറ്റവും വലിയ സമൂസ റെഡി; ഭാരം കേട്ടാല്‍ സമൂസ കൊതിയന്മാര്‍ ഞെട്ടും

ബുധന്‍, 13 ജൂലൈ 2016 (14:34 IST)
ലോകത്തിലെ ഏറ്റവും വലിയ സമൂസ തയ്യാറായി. 332 കിലോഗ്രാം ഭാരമുള്ള സമൂസ ഖൊരക്‌പുരില്‍ ആണ് തയ്യാറാക്കിയത്. ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാനായി സമൂസ തയ്യാറാക്കിയത് പത്തു പേരുടെ സംഘമാണ്. മഹാരാജ്‌ഗഞ്ച് ജില്ലയിലെ ഗോപാല്‍ നഗര്‍ കോളനിയില്‍ ആയിരുന്നു സംഭവം. 20 വയസ്സുകാരനായ റിതേഷ് സോണിയുടെ നേതൃത്വത്തില്‍ ആയിരുന്നു സംഘം സമൂസ ഉണ്ടാക്കിയത്.
 
ഗോപാല്‍ നഗറില്‍ റസ്റ്റോറന്റ് നടത്തുകയാണ് സോണി. ജില്ലയില്‍ മറ്റൊരു സംഘം ലോകത്തിലെ ഏറ്റവും വലിയ ജിലേബി ഉണ്ടാക്കിയിരുന്നു. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് സോണി ഏറ്റവും വലിയ സമൂസ ഉണ്ടാക്കാന്‍ തയ്യാറായത്.
 
കഴിഞ്ഞവര്‍ഷം കത്താരിയ ബസാറിലെ ഒരു സംഘം ലോകത്തിലെ ഏറ്റവും വലിയ ജിലേബി ഉണ്ടാക്കുകയും അത് ഗിന്നസ് ബുക്കില്‍ ഇടം നേടുകയും ചെയ്തിരുന്നു. അതുപോലെ തങ്ങളുടെ നാടും പ്രശസ്തമാകുന്നതിനു വേണ്ടിയാണ് സമൂസ ഉണ്ടാക്കിയതെന്ന് സോണി മാധ്യമങ്ങളോട് പറഞ്ഞു.
 
ഏറ്റവും വലിയ സമൂസ തയ്യാറാക്കാന്‍ 40, 000 രൂപയാണ് സംഘം ചെലവാക്കിയത്. 90 ലിറ്റര്‍ റിഫൈന്‍ഡ് ഓയില്‍, 1.75 ക്വിന്റല്‍ ഗോതമ്പു പൊടി, രണ്ടു ക്വിന്റല്‍ ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിച്ചാണ് സമൂസ നിര്‍മ്മിച്ചത്. മൂന്നു മീറ്റര്‍ ഉയരമുണ്ട് സമൂസയ്ക്ക്.

വെബ്ദുനിയ വായിക്കുക