ത്രിപുരയില്‍ ബിജെപി പ്രവര്‍ത്തകര്‍ അഴിഞ്ഞാടുന്നു; നിരോധനാജ്ഞ പ്രഖ്യാപിച്ചു - നൂറ് കണിക്കിന് സിപിഎം ഓഫീസുകള്‍ തകര്‍ന്നു

ചൊവ്വ, 6 മാര്‍ച്ച് 2018 (13:56 IST)
ഇടതു കോട്ടയായിരുന്ന ത്രിപുരയില്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാനത്ത് ആക്രമണം അഴിച്ചു വിട്ട് ബിജെപി. ബലോണിയയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പ്രതിമ ഒരുകൂട്ടം ബിജെപി പ്രവര്‍ത്തകര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്തതോടെ എങ്ങും രാഷട്രീയ സംഘർഷം വ്യാപിക്കുന്നു.

സംസ്ഥാനത്ത് അക്രമം വ്യാപകമായതോടെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അക്രമസംഭവങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ത്രിപുര ഗവര്‍ണര്‍ തഥാഗത റോയിക്കും ഡിജിപി എകെ ശുക്ലയ്ക്കും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് നിർദേശം നൽകി.

ബലോണിയയില്‍ കോളേജ് സ്‌ക്വയറില്‍ അഞ്ചുവര്‍ഷം മുമ്പ് സ്ഥാപിച്ച ലെനിന്റെ പ്രതിമയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30ഓടെ തകര്‍ക്കപ്പെട്ടത്. ഭാരത് മാതാ കി ജയ്' എന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ കാണാം.

മറിച്ചിട്ട ശേഷം പ്രതിമയുടെ തല മുറിച്ചുമാറ്റുകയും ചെറുകഷ്ണങ്ങളാക്കി തകര്‍ക്കുകയും ചെയ്തതായും ഇതുപയോഗിച്ച് ബിജെപി പ്രവര്‍ത്തകര്‍ ഫുട്‌ബോള്‍ കളിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നൂറ് കണക്കിന് സിപിഎം ഓഫീസുകളാണ് തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിന് പിന്നാലെ തകര്‍ക്കപ്പെട്ടത്. ആക്രമണം വ്യാപകമായതോടെ സിപിഎം നേതൃത്വം പൊലീസില്‍ പരാതി നല്‍കി.

സിപിഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി ആക്രമണം നടത്തിയ ബിജെപി പ്രവര്‍ത്തകര്‍ നിരവധി വീടുകള്‍ തകര്‍ത്തു. പലരും വീടുകളില്‍ നിന്നും മാറി നില്‍ക്കുകയാണ്. ബിശാല്‍ഗര്‍, ഖോവായി, മോഹന്‍പൂര്‍, സബ്രൂം, ഖോംലംഗ്, മേലാഗര്‍, ജിറാനിയ, ബെലോണിയ, രാംനഗര്‍, സൗത്ത് രാംനഗര്‍ എന്നിവടങ്ങളിലാണ് ബിജെപി പ്രവര്‍ത്തകര്‍ കൂടുതലായി  അഴിഞ്ഞാടിയത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശനിയാഴ്ച രാത്രി മാത്രം 200ലധികം ആക്രമണ സംഭവങ്ങളാണ് ഉണ്ടായത്. ബിജെപി പ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം ശക്തമായതോടെ ത്രിപുര ഡിജിപിക്ക് സിപിഎം നേതൃത്വം പരാതി നല്‍കി.

സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായ ആക്രമണമാണ് നടത്തുന്നതെന്ന് എംപി ശങ്കര്‍പ്രസാദ് ദത്ത ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പ്രവര്‍ത്തകരോട് ശാന്തരാകാന്‍ ബിജെപി സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അക്രമണത്തിന്റെ ചിത്രങ്ങള്‍ സിപിഎം തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍