മരിച്ചെന്ന് കരുതി മോര്‍ച്ചറിയില്‍ സൂഷിച്ചിരുന്ന യുവാവിനെ പോസ്‌റ്റ്മോര്‍ട്ടം ചെയ്യാന്‍ തുടങ്ങവെ ജീവനുള്ളതായി മനസിലാക്കിയ അധികൃതര്‍ നെട്ടോട്ടത്തില്‍. അലിഗഡിലെ ഒരു ആശുപത്രിയിലാണ് സംഭവം നടന്നത്.
ഓഗസ്‌റ്റ് 20-നാണ് അലിഗഡിലെ ആശുപത്രിയില്‍ അജ്‌ഞാത യുവാവിനെ പ്രവേശിപ്പിച്ചത്. സംസാരിക്കാന്‍ പോലുമാകാത്ത വിധം അവശ നിലയിലായിരുന്നു യുവാവ്. മരുന്നുകള്‍ നല്‍കിയെങ്കിലും ഓഗസ്‌റ്റ് 29-ന് ഇയാള്‍ മരിച്ചതായി ഡോക്‌ടര്‍മാര്‍ വിധിയെഴുതുകയായിരുന്നു. തുടര്‍ന്ന് അലിഗഡിലെ ബന്നാദേവി പൊലീസ് ആശുപത്രിയില്‍ എത്തുകയും മൃതദേഹം ആരും വാങ്ങാന്‍ എത്താത്തതിനാല്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയുമായിരുന്നു.
തുടര്‍ന്ന് തിങ്കളാഴ്‌ച മൃതദേഹം പോസ്‌റ്റ്മോര്‍ട്ടം ചെയ്യാന്‍ എടുത്തപ്പോഴാണ് യുവാവിന് ജീവനുണ്ടെന്ന് വ്യക്‌തമായത്. മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവും കിട്ടാതെ മോര്‍ച്ചറിയിലെ തണുപ്പില്‍ കഴിഞ്ഞ ഇയാള്‍ കൂടുതല്‍ അവശനായിരുന്നു. സംഭവം വിവാദമായതോടെ തലയൂരാനുള്ള ശ്രമത്തിലാണ് ആശുപത്രി അധികൃതര്‍.