ഉത്തർപ്രദേശിൽ നിന്നുള്ള എംപിയുടെ മകനെ വേശ്യാലയ നടത്തിപ്പുകാരിയും ഡ്രൈവറും ചേര്‍ന്ന് കൊള്ളയടിച്ചു. ഞായറാഴ്ച രാത്രി മുംബൈയിലെ ഒരു ഫൈവ് സ്റ്റാർ ഹോട്ടലിന്റെ പുറത്തു വച്ചായിരുന്നു സംഭവം. മുംബൈയിൽ ബിസിനസുകാരനായ മെഹർ സിങ് തൻവർ എന്നയാളുടെ പണമാണ് അപഹരിക്കപ്പെട്ടത്. തൻവർ നല്‍കിയ പരാതി പ്രകാരം കേസെടുത്ത പൊലീസ് വേശ്യാലയം നടത്തിപ്പുകാരിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്.
തൻവർ അവർക്കു നൽകിയ പണം കൊണ്ട് സ്ത്രീ രക്ഷപെടുകയായിരുന്നുവെന്ന് പിടിയിലായവരിൽ ഒരാൾ പൊലീസിനോട് പറഞ്ഞു. കൊള്ളയടിക്കുകയായിരുന്നുവെന്ന എംപിയുടെ മകന്റെ ആരോപണം സത്യമാണെന്ന് കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
അതേസമയം തന്റെ പരാതിയിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്നും ഹോട്ടലിന്റെ പുറത്ത് കാറിൽ വച്ചാണ് ഇവർ പണം അപഹരിച്ചതെന്നും തൻവർ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു. വിദേശികളെ കൊള്ളയടിക്കുന്നതിനായി ഒരു വലിയ റാക്കറ്റ് തന്നെ മുംബൈയിൽ പ്രവർത്തിക്കുന്നുണ്ട്. അതിനാലാണ് പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ ഹോട്ടലിൽ നിന്നു ശേഖരിച്ച പത്തു മിനിട്ട് ദൈർഘ്യമുള്ള സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. തൻവറും സുഹൃത്തും ഒരു സ്ത്രീയും കാറിൽ ഹോട്ടലിലേക്ക് വരുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തൻവറും സുഹൃത്തും പുറത്തിറങ്ങി ഉള്ളിലേക്ക് നടക്കുന്നു. എന്നാൽ സ്ത്രീ കാറിൽ തന്നെയിരിക്കുകയാണ്. അവർ ഒപ്പമുണ്ടെന്ന ധാരണയിലാണ് തൻവർ ഹോട്ടലിലേക്ക് കയറുന്നത്. എന്നാൽ അൽപസമയത്തിനുള്ളിൽ അവർ കാറോടിച്ച് പോയി.