പ്രതിയെ പൊലീസുകാര്‍ പീഡിപ്പിച്ച് കൊന്നു!

Webdunia
ശനി, 28 ജൂണ്‍ 2014 (17:22 IST)
മോഷണക്കുറ്റത്തിന് അറസ്റ്റിലായ പ്രതിയെ ലൈംഗിക പീഡനത്തിനു ശേഷം കൊന്ന് റെയില്‍‌വേ പാളത്തില്‍ ഇട്ട കേസില്‍ 10 പൊലീസുകാരുടെ പേരില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. മുംബൈ സ്വദേശിയായ ആഗ്നല്ലോ വാല്‍ഡാരിസ് എന്ന 25കാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ നടത്തിയ അന്വേഷണത്തിലാണ് പൊലീസുകാരെ പ്രതി ചേര്‍ത്തത്.

ഒരേ സ്റ്റേഷനിലെ പൊലീസുകാര്‍ക്കെതിരെയാണ് സിബിഐ എഫ് ഐ ആര്‍ സമര്‍പ്പിച്ചത്. ഏപ്രിലില്‍ മധ്യ മുംബൈയിലെ വഡാല റെയില്‍വേ പാളത്തില്‍ മരിച്ചു കിടക്കുന്ന നിലയില്‍ കണ്ടെത്തിയ ആഗ്നെല്ലോയെ പൊലീസ് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ ശേഷം കൊന്ന് പാളത്തില്‍ തള്ളുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

കഴിഞ്ഞ ഏപ്രിലിലാണ് മോഷണ കേസില്‍ മറ്റ് മൂന്ന് പേര്‍ക്കൊപ്പം ആഗ്നല്ലോയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ മൂന്നു ദിവസത്തിനു ശേഷം ഇയാളെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസുകാരെ ഉപദ്രവിച്ചശേഷം സ്റ്റേഷനില്‍ നിന്ന് രക്ഷപ്പെട്ട ഇയാള്‍ ട്രെയിനിടിച്ചു മരിക്കുകയായിരുന്നു എന്നാണ് ലോക്കല്‍ പൊലീസ് നേരത്തെ പറഞ്ഞിരുന്നത്.

എന്നാല്‍ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ട സിബിഐ നിര്‍ദ്ദേശത്തിന് പൊലീസുകാര്‍ മറുപടിയൊന്നും നല്‍കിയിരുന്നില്ല. ഇതിനിടെ ആഗ്നല്ലോയുടെ മരണാത്തില്‍ പൊലീസ് നല്‍കിയ വിശദീകരണത്തില്‍ തൃപ്തരാകാതെ ഇയാളുടെ മാതാപിതാക്കള്‍ മുംബൈ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് കോടതി സിബിഐക്ക് കേസ് കൈമാറിയത്. ആഗ്നെല്ലോ കൊല്ലപ്പെട്ടതാണെന്ന് ഇയാള്‍ക്കൊപ്പം കസ്റ്റഡിയിലായ മറ്റ് മൂന്ന് പേരും സിബിഐക്ക് മൊഴി നല്‍കിയിരുന്നു. കസറ്റ്ഡിയിലായ തങ്ങളെ പൊലീസുകാര്‍ തുണിയഴിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും പരസ്യമായി ലൈംഗിക ബന്ധം നടത്താന്‍ നിര്‍ബന്ധിക്കുകയും ചെയ്തതായി മൂവരും  മൊഴി നല്‍കി.