ഉത്തരാഖണ്ഡ് പൊലീസിന്റെ നേതൃത്വത്തില്‍ ഒരുങ്ങിയ പൊലീസ് കുതിര ശക്തിമാനോടുള്ള ആദരസൂചകമായി സ്ഥാപിച്ച പ്രതിമ നീക്കം ചെയ്തു. സംസ്ഥാനത്തെ ധീര ജവാന്മാര്‍ക്ക് സ്മാരകങ്ങള്‍ ഒന്നും തന്നെയില്ലാത്ത സാഹചര്യത്തില്‍ ഒരു കുതിരയ്ക്ക് ബഹുമാനസൂചകമായി പ്രതിമ സ്ഥാപിച്ചതിനെ തുടര്‍ന്നുണ്ടായ വിമര്‍ശനങ്ങളെ തുടര്‍ന്നാണ് പ്രതിമ നീക്കിയത്.
പൊലീസ് പരേഡിനിടെ മസൂറിലെ ബിജെപി എംഎല്‍എ ഗണേഷ് ജോഷിയായിരുന്നു കഴിഞ്ഞ മാര്‍ച്ചില്‍ ശക്തിമാന്റെ കാല് തല്ലിയൊടിച്ചത്. ഗുരുതരമായി പരിക്കേറ്റ് കാല്‍മുറിച്ച് മാറ്റി വെപ്പുകാലുമായി കഴിഞ്ഞിരുന്ന ശക്തിമാന്റെ ദുരവസ്ഥ എല്ലാവരുടെയും കരളലിയിപ്പിക്കുന്നതായിരുന്നു.
എന്നാല്‍ കുറച്ച് ദിവസത്തെ ചികിത്സയ്ക്ക് ശേഷം ഏപ്രില്‍ 20ന് കുതിര ചത്തു. എംഎല്‍എ കുതിരയെ അടിക്കുന്ന വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ഗണേഷ് ജോഷിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മൃഗസ്‌നേഹികളുടെ പരാതിയില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യം നേടി.