ഈ കുറ്റപത്രം യുക്തിക്ക് നിരക്കുന്നതല്ല, സുനന്ദയുടെ ആത്മഹത്യയ്ക്ക് ഞാന്‍ കാരണമായെന്ന് ആരും വിശ്വസിക്കില്ല: ശശി തരൂര്‍
തിങ്കള്‍, 14 മെയ് 2018 (17:23 IST)
സുനന്ദ പുഷ്കര്‍ താന്‍ കാരണം ആത്മഹത്യ ചെയ്തു എന്ന് ആരും വിശ്വസിക്കില്ലെന്ന് മുൻ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ എംപി. നാലര വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ഡല്‍ഹി പൊലീസ് ഈ കണ്ടെത്തല്‍ നടത്തിയിരിക്കുന്നതെന്നും തരൂര്‍ ട്വിറ്ററിലൂടെ ചൂണ്ടിക്കാട്ടി.
ഒക്ടോബര്‍ 17ന് ഡല്‍ഹി ഹൈക്കോടതിയില്‍ പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് ആര്‍ക്കെതിരെയും ഒരു തെളിവും ലഭിച്ചിട്ടില്ല. എന്നാല്‍ ആറുമാസത്തിന് ശേഷം അവര്‍ പറയുന്നു സുനന്ദ ആത്മഹത്യ ചെയ്യാന്‍ ഞാന്‍ പ്രേരണ ചെലുത്തിയെന്ന്. അവിശ്വസനീയമായ മാറ്റം തന്നെ - ശശി തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.
തരൂരിനെ പ്രതിയാക്കിയാണ് അന്വേഷണ സംഘം കുറ്റപ്പത്രം സമര്‍പ്പിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തെ അന്വേഷണത്തിന് ശേഷമാണ് ഡല്‍ഹി പൊലീസ് കുറ്റപത്രം നല്‍കിയത്.
ആത്മഹത്യാപ്രേരണ, ഗാർഹികപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തി പാട്യാല കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. പട്യാല ഹൗസ് കോടതി ഈ മാസം 24നായിരിക്കും കുറ്റപത്രം പരിഗണിക്കുക.കേസ് സെഷന്‍സ് കോടതിയിലേക്ക് കൈമാറുന്ന നടപടി മാത്രമായിരിക്കും പട്യാല കോടതി സ്വീകരിക്കുക.