പിണറായി വിജയന് ഹിന്ദി മനസ്സിലാകാത്തതാണ് എല്ലാത്തിനും കാരണം? ''ഹിന്ദി അറിയാത്തത് ഞങ്ങളുടെ കുഴപ്പമാണോ'' - പൊലീസ്

ചൊവ്വ, 13 ഡിസം‌ബര്‍ 2016 (11:33 IST)
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ മലയാളി സംഘടനകളുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ആർ എസ് എസ് പ്രതിഷേധമുണ്ടാകുമെന്ന പേരില്‍ പൊലീസ് തടഞ്ഞ സംഭവത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മധ്യപ്രദേശ് പൊലീസ്. സംഭവം വിവാദമായതോടെ മുഖം രക്ഷിക്കാനുള്ള തന്ത്രപ്പാടിലാണ് പൊലീസ് എന്ന് വ്യക്തം.
 
കേരള മുഖ്യമന്ത്രിയെ തിരിച്ചയച്ചിട്ടില്ലെന്നും ഹിന്ദിയില്‍ നടത്തിയ ആശയവിനിമയം അദ്ദേഹത്തിന് മനസ്സിലാകാതെ സ്വയം മടങ്ങിയതാണെന്നുമാണ് പൊലീസ് പറയുന്നത്. പരിപാടിസ്ഥലത്തേക്ക് പോകുന്നത് അല്‍പം വൈകിപ്പിക്കാനാണ് മുഖ്യമന്ത്രിയോട് പറഞ്ഞതെന്നും അദ്ദേഹം അത് അദ്ദേഹം തെറ്റായി മനസ്സിലാക്കി മടങ്ങിയെന്നുമാണ് ഭോപാല്‍ പൊലീസ് മേലുദ്യോഗസ്ഥരെ അറിയിച്ചിരിക്കുന്നത്. ഹിന്ദിയിലാണ് പിണറായിയുമായി ആശയവിനിമയം നടത്തിയതെന്നും അതുകൊണ്ടാണ് ആശയക്കുഴപ്പമുണ്ടായതെന്നുമാണ് വിശദീകരണം.  
 
സംഭവത്തെ കുറിച്ച് മധ്യപ്രദേശ് ഡി ജി പി വകുപ്പുതല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതിന് പിറകെയാണ് വിവാദത്തില്‍നിന്ന് രക്ഷപ്പെടാനുള്ള പുതിയ നീക്കം.  പ്രതിഷേധവുമായി ആളുകള്‍ രംഗത്തുവന്നതിനാല്‍ സുരക്ഷപ്രശ്നമുണ്ടെന്നും അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്നും ഭോപാല്‍ പൊലീസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ് പിണറായി വിജയന്‍ മടങ്ങിയത്. 

വെബ്ദുനിയ വായിക്കുക