കേന്ദ്ര മന്ത്രിമാരുടെ പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നു; ആരോഗ്യവകുപ്പിനെതിരെ പ്രധാനമന്ത്രിയുടെ രൂക്ഷ വിമര്‍ശനം

Webdunia
ശനി, 2 ജൂലൈ 2016 (10:54 IST)
രണ്ടുവര്‍ഷം പിന്നിടുന്ന എന്‍ ഡി എ മന്ത്രിസഭ, മന്ത്രിമാരുടെ പ്രകടനം വിലയിരുത്തല്‍ നടത്തി റിപ്പോര്‍ട്ട് പുറത്തുവിട്ടു. മന്ത്രിസഭ പുനസംഘടന മുന്നില്‍ക്കണ്ടാണ് മന്ത്രിമാരുടെ പ്രകടനം പ്രധാനമന്ത്രി നേരിട്ടെത്തി വിലയിരുത്തിയത്. പ്രകടന വിലയിരുത്തലിനൊടുവില്‍ സ്വതന്ത്ര ചുമതലയുള്ള ഊര്‍ജ സഹമന്ത്രി പീയൂഷ് ഗോയല്‍, ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി എന്നിവരെ മികച്ച മന്ത്രിമാരായി തെരഞ്ഞെടുത്തു.
 
ഓരോ വകുപ്പുകളും സംബന്ധിച്ചുള്ള വിശദവിവരങ്ങള്‍ സാമ്പത്തികകാര്യ സെക്രട്ടറി പ്രധാനമന്ത്രിക്ക് കൈമാറുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിമാരുടെ പ്രവര്‍ത്തനമികവ് വിലയിരുത്തിയത്. ഏറ്റവും മോശം പ്രകടനം നടത്തിയ വകുപ്പായി വിലയിരുത്തിയത് ആരോഗ്യവകുപ്പിനെയാണ്. കൂടുതല്‍ കോളജുകള്‍, ഐ ഐ ടികള്‍ എന്നിവ തുടങ്ങാത്തതാണ് പ്രധാനമായും ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടായി കമ്മിറ്റി വിലയിരുത്തിയത്.
 
അടുത്ത ആഴ്ചയോടെ മന്ത്രിസഭ പുനസംഘടന സംഘടിപ്പിക്കാനാണ് സാധ്യത. മോഡിയുടെ ആഫ്രിക്കന്‍ പര്യടനം അടുത്ത് വരുന്നതുമാണ് വിലയിരുത്തലും പുനസംഘടനയും വേഗത്തിലാക്കാനുള്ള മറ്റൊരു കാരണം. തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനങ്ങളിലെ പ്രതിനിധികള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിയായിരിക്കും പുനസംഘടന എന്നാണ് സൂചന.

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article