പത്താന്‍കോട്ട് ഭീകരാക്രമണം: ഇന്ത്യ - പാക് സെക്രട്ടറിതല ചര്‍ച്ച ഈ മാസം അവസാനം നടക്കും

ശനി, 16 ജനുവരി 2016 (09:19 IST)
പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ - പാക് സെക്രട്ടറിതല ചര്‍ച്ച ഈ മാസം അവസാനം നടക്കും. ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യ സെക്രട്ടറിമാര്‍ ഇതു സംബന്ധിച്ച് ടെലഫോണില്‍ ആശയവിനിമയം നടത്തി.
 
അതേസമയം, ചര്‍ച്ചയ്ക്ക് മുന്നോടിയായി ഇന്ത്യ അമേരിക്കയുടെ സഹായം തേടും. പത്താന്‍കോട്ടിലെ പാക് പങ്ക് അറിയുന്നതിനു വേണ്ടിയാണ് ഇന്ത്യ അമേരിക്കയുടെ സഹായം തേടുക. ഭീകരരില്‍ നിന്ന് അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങള്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇതിന്റെ വിശദാംശങ്ങള്‍ അറിയുന്നതിനു വേണ്ടി ഇന്ത്യ അമേരിക്കയുടെ സഹായം തേടുന്നത്.
 
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അപ്രതീക്ഷിത ലാഹോർ സന്ദർശനത്തിന്‌ പിന്നാലെ ഇന്ത്യയുടെയും പാകിസ്ഥാന്റെയും വിദേശകാര്യ സെക്രട്ടറിമാർ കൂടിക്കാഴ്ച നടത്താന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍, പത്താന്‍കോട്ട് ഭീകരാക്രമണം ഉണ്ടായ പശ്ചാത്തലത്തില്‍ ചര്‍ച്ച മാറ്റി വെയ്ക്കുകയായിരുന്നു.

വെബ്ദുനിയ വായിക്കുക