പേര്​ മാറ്റം നിയമസഭ അംഗീകരിച്ചു; പശ്ചിമബംഗാൾ ഇനി ‘ബംഗ്ലാ’, ഇംഗ്ലീഷിൽ വെറും ബംഗാൾ

Webdunia
തിങ്കള്‍, 29 ഓഗസ്റ്റ് 2016 (20:47 IST)
പശ്ചിമ ബംഗാളിന്റെ പേര് മാറ്റുന്ന പ്രമേയം നിയമസഭ പാസാക്കി.​​ പ്രത്യേക നിയമസഭ സമ്മേളനം വിളിച്ചാണ്​ പ്രമേയം പാസാക്കിയത്​. ഇതു പ്രകാരം ബംഗാളിയിൽ ബംഗ്ലാ എന്നും ഇംഗ്ലീഷിലും ഹിന്ദിയിലും ബംഗാൾ എന്നും സംസ്‌ഥാനം പേരുമാറ്റും. മുഖ്യമന്ത്രി മമത ബാനർജിയാണ് പേരുമാറ്റം സംബന്ധിച്ച് നിർദേശം മുന്നോട്ടുവച്ചത്.

കോൺഗ്രസ്​, ഇടതുപക്ഷ, ബിജെപി എംഎൽഎമാർ പ്രമേയാവതരണത്തിനിടയിൽ നിയമസഭയിൽ നിന്ന്​ ഇറങ്ങിപ്പോയി. നിലവില്‍ സംസ്ഥാനങ്ങളുടെ അക്ഷരമാലാ ക്രമത്തില്‍ ഏറ്റവും പിന്നിലാണ് (28മത്) പശ്ചിമ ബംഗാള്‍. പേര് മാറ്റം നിലവില്‍ വന്നാല്‍ ഇത് നാലാം സ്ഥാനത്തേക്ക് ഉയരും.

നിലവിൽ ബംഗാളിയിൽ പശ്ചിം ബംഗാ അല്ലെങ്കിൽ, പശ്ചിം ബംഗ്ലാ എന്നാണ് സംസ്‌ഥാനത്തിന്റെ പേര് പരാമർശിക്കുന്നത്. 2011ൽ പശ്ചിമബംഗാളിന്റെ പേര് പശ്ചിം ബാംഗോ എന്ന് മാറ്റുന്നതിനായി സംസ്‌ഥാനസർക്കാർ കേന്ദ്രത്തെ സമീപിച്ചിരുന്നുവെങ്കിലും അനുമതി ലഭിച്ചിരുന്നില്ല.
Next Article