ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ കേസ് വിവരങ്ങൾ സാമൂഹികമാധ്യമങ്ങളിലടക്കം 48 മണിക്കൂറിനകം പുറത്തുവിടണമെന്ന് സുപ്രീം കോടതി

അഭിറാം മനോഹർ

വ്യാഴം, 13 ഫെബ്രുവരി 2020 (11:54 IST)
ക്രിമിനൽ കേസുള്ള വ്യക്തികളെ ലോക്‌സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിപ്പിച്ചാൽ രാഷ്ട്രീയ പാർട്ടികൾ അതിന് വിശദീകരണം സാമൂഹികമാധ്യമങ്ങളിലടക്കം പ്രസിദ്ധീകരിക്കണമെന്ന് സുപ്രീം കോടതി. രാഷ്ട്രീയത്തിലെ ക്രിമിനൽ വത്‌കരണം രാഹ്യം നേരിടുന്ന ഗുരുതര പ്രശ്‌നമാണെന്ന് ചൂണ്ടികാണിച്ചാണ് കോടതിയുടെ സുപ്രധാനമായ വിധി. ഇത്തരത്തിൽ കഴിഞ്ഞ ലോക്‌സഭാ നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ച എല്ലാ സ്ഥാനാർത്ഥികളുടെയും ക്രിമിനൽ റെക്കോഡ്‍സ് പ്രസിദ്ധീകരിക്കണമെന്നാണ് സുപ്രീം കോടതി കർശന നിർദേശം നൽകിയിരിക്കുന്നത്.
 
ഈ വിവരങ്ങൾ എല്ലാ പാർട്ടികളും തങ്ങളുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുകയും പ്രാദേശിക പത്രങ്ങൾ,ഔദ്യോഗിക വെബ്സൈറ്റ്,സാമൂഹിക മാധ്യമങ്ങൾ എന്നിവയിലും പ്രസിദ്ധീകരിക്കണം. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം കേസിന്റെ വിശദമായ വിവരങ്ങൾ പ്രസിദ്ധീകരിക്കണം. 72 മണിക്കൂറിനകം തിരഞ്ഞെടുപ്പ് കമ്മീഷന് വിവരങ്ങൾ നൽകുകയും വേണം. സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കുന്നത് മെറിറ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണമെന്നും എന്തുകൊണ്ടാണ് ഈ സ്ഥാനാർത്ഥിയെ തെരഞ്ഞെടുത്തതെന്ന് ജനങ്ങളോട് വിശദീകരിക്കാൻ പാർട്ടികൾക്ക് ബാധ്യതയുണ്ടെന്നും കോടതി നിരീക്ഷിച്ചു.
 
യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കണം സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കേണ്ടതെന്നും വിജയസാധ്യത ഉണ്ടെന്ന് കരുതി ക്രിമിനൽ സ്വഭാവമുള്ളയാളെ സ്ഥാനാർത്ഥിയായി പരിഗണിക്കാൻ സാധിക്കില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ വിശദീകരണങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ അനാസ്ഥ കാണിച്ചാലോ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശങ്ങൾ നടപ്പിലാക്കാതിരിക്കുകയോ ചെയ്‌താൽ കോടതി അലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍