എംപിമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ

Webdunia
വ്യാഴം, 2 ജൂലൈ 2015 (11:18 IST)
എംപിമാരുടെ ശമ്പളം ഇരട്ടിയായും പെന്‍ഷന്‍ 75 ശതമാനവും വര്‍ധിപ്പിക്കണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. ആഭ്യന്തര വിമാന യാത്രാ സൌജന്യവും ട്രെയിന്‍ യാത്രാ സൌജന്യവും വര്‍ധിപ്പിക്കണമെന്നും. എംപിമാരുടെ പേരക്കുട്ടികള്‍ക്ക് വരെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കണമെന്ന നിര്‍ദേശവും ശിപാര്‍ശയിലുണ്ട്. ബിജെപി എംപി യോഗി ആദിത്യനാഥ് അധ്യക്ഷനായ പാര്‍ലമെന്ററി സമിതിയാണ് ശിപാര്‍ശ സമര്‍പ്പിച്ചത്.

60ഓളം നിര്‍ദേശങ്ങളാണ് ശുപാര്‍ശയിലുള്ളത്. വിമാനയാത്രയില്‍ 20 മുതല്‍ 25 ശതമാനം വരെ സൌജന്യം അനുവദിക്കണം. ട്രെയിന്‍ യാത്രയിലാണെങ്കില്‍ കൂടെ വരുന്ന പേഴ്‍സണല്‍ സെക്രട്ടറി പോലുള്ളവര്‍ക്കും കൂടി സൌജന്യ എസി ക്ലാസ് ടിക്കറ്റ് അനുവദിക്കണം. പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ എംപിമാര്‍ക്ക് ലഭിക്കുന്ന പ്രതിദിന അലവന്‍സ്  2000 രൂപ എന്നത് വര്‍ധിപ്പിക്കണം എന്നീ തരത്തിലുള്ള ആവശ്യങ്ങളാണ് ശുപാര്‍ശയിലുള്ളത്.

നിലവില്‍ 50,000 രൂപയാണ് എംപിമാരുടെ പ്രതിമാസ ശമ്പളം. ശുപാര്‍ശ നടപ്പായാല്‍ ഇരുപതിനായിരം രൂപയുള്ള പെന്‍ഷന്‍ 35,000 രൂപയായി ഉയരും. 2010 ലാണ് ഏറ്റവുമൊടുവില്‍ എംപിമാരുടെ ശമ്പളം വര്‍ധിപ്പിച്ചത്. നിലവില്‍ ശമ്പളവും ആനുകൂല്യങ്ങളുമടക്കം ഏകദേശം 1.4 ലക്ഷത്തോളം രൂപ പ്രതിമാസം എംപിമാര്‍ കൈപ്പറ്റുന്നുണ്ടെന്നാണ് കണക്കുകള്‍.