കേരള ഗവര്‍ണറായി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ഇത് സംബന്ധിച്ച വിജ്ഞാപനത്തില്‍ ബുധനാഴ്ച വൈകീട്ട് ഏഴ് മണിക്കാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഒപ്പുവെച്ചത്. കേരള ഗവര്‍ണര്‍ ഷീലാദീക്ഷിതിന്റെ രാജി രാഷ്ട്രപതി സ്വീകരിക്കുകയും ചെയ്തു. 2013 ജൂലായ് മുതല്‍ 2014 ഏപ്രില്‍ വരെ സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന പി സദാശിവം തമിഴ്‌നാട് ഈറോഡ് സ്വദേശിയാണ്.
നേരത്തേ സുപ്രീംകോടതി മുന്‍ ചീഫ് ജസ്‌റ്റീസിനെ ഗവര്‍ണറാക്കുന്നത് വലിയ വിവാദത്തിന് തിരി കൊളുത്തിയിരുന്നു. നിയമ രംഗത്തെ വിദഗ്‌ദ്ധരും ബാര്‍ അസോസിയേഷനുമെല്ലാം നീക്കത്തെ എതിര്‍ത്തു രംഗത്ത് വന്നിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നീക്കത്തെ എതിര്‍ത്തിരുന്നു. ഇതെല്ലാം മറികടന്നാണ് രാഷ്‌ട്രപതി സദാശിവത്തെ കേരള ഗവര്‍ണറാക്കി നിയോഗിച്ചിരിക്കുന്നത്.