കാര്‍ത്തി ചിദംബരത്തിന്റെ വിദേശ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നു; 14 രാജ്യങ്ങളോട് വിവരങ്ങള്‍ തേടി

ചൊവ്വ, 24 മെയ് 2016 (08:56 IST)
മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വിദേശ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് 14 രാജ്യങ്ങളോട് വിവരങ്ങള്‍ തേടി.
 
യു കെ, യു എ ഇ, ദക്ഷിണാഫ്രിക്ക, യു എസ്, ഗ്രീസ്, സ്പെയി‍, സ്വിറ്റ്സര്‍ലാന്‍ഡ്, ഫ്രാന്‍സ്, മലേഷ്യ, സിംഗപ്പൂര്‍, തായ്‌ലന്‍ഡ്, ശ്രീലങ്ക, ബ്രിട്ടീഷ് വിര്‍ജിന്‍ ഐലന്‍ഡ് എന്നീ രാജ്യങ്ങളെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് സമീപിച്ചത്.
 
അഡ്വാന്റേജ് സ്ട്രാറ്റജിക്, സീക്വോയ, വെസ്റ്റ്ബ്രിഡ്ജ് തുടങ്ങിയ കമ്പനികളില്‍ കാര്‍ത്തിക്ക് നിക്ഷേപങ്ങളും ബിസിനസ് ഇടപാടുകളും തെളിയിക്കുന്ന രേഖകള്‍ എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ റെയ്ഡില്‍ കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് വിദേശരാജ്യങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ്  ഡയറക്‌ടറേറ്റ് തീരുമാനിച്ചത്.
 
സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച് കാര്‍ത്തിയെ ഉടന്‍  ചോദ്യംചെയ്തേക്കും. എന്നാല്‍,  എല്ലാ ഇടപാടുകളും തന്റെ അക്കൗണ്ട് ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് കാര്‍ത്തി പ്രതികരിച്ചു.

വെബ്ദുനിയ വായിക്കുക